
ചേലക്കര: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിനിടയിലും ചേലക്കര നിയോജക മണ്ഡലത്തിൽ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് തിളക്കമാര്‍ന്ന ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവൻ വീട്ടിക്കുന്നിനെ 29386 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മൂന്ന് പതിറ്റാണ്ടായി ഇടതുകോട്ടയായ ചേലക്കര യു ആര്‍ പ്രദീപ് നിലനിര്‍ത്തിയത്.
2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ആര്‍ പ്രദീപ് 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. യു ആര്‍ പ്രദീപിന് 76073 വോട്ടുകളും പ്രധാന എതിരാളികളായ മുസ്ലീം ലീഗിന്‍റെ ശിവന്‍ വീട്ടിക്കുന്നിന് 46687 വോട്ടുകളും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്‍ണനാണ് വോട്ടുകള്‍ 37286 വോട്ടുകള്‍ നേടി കരുത്തുകാട്ടി.
ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ചേലക്കര നിയമസഭാമണ്ഡലം 1996 മുതല്‍ 2011 വരെ എല്‍ഡിഎഫിനുവേണ്ടി കെ രാധാകൃഷ്‍ണൻ തുടര്‍ച്ചായി മത്സരിച്ച് വിജയിച്ച മണ്ഡലമാണ്. 2016ല്‍ യുആര്‍ പ്രദീപ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി വിജയിച്ചു. 2021ല്‍ വീണ്ടും കെ രാധാകൃഷ്‍ണൻ തന്നെ മത്സരിച്ച് ജയിച്ച് പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി. പിന്നീട് കെ രാധാകൃഷ്‍ണൻ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോള്‍ 2024ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് യുആര്‍ പ്രദീപ് രണ്ടാം വട്ടം നിയമസഭയിലെത്തിയത്. ഇത്തവണ സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനിടയിലും ചേലക്കര നിലനിര്‍ത്താന്‍ പ്രദീപിനും എല്‍ഡിഎഫിനുമായി.
1967 മുതൽ 1991 വരെ കോൺഗ്രസിന് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ 1990-കളുടെ പകുതിയോടെ സിപിഎം മണ്ഡലത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ 83,415 വോട്ടുകളായിരുന്നു നേടിയിരുന്നത്. കോൺഗ്രസിലെ സി. സി. ശ്രീകുമാർ 44,015 വോട്ടുകൾ നേടി രണ്ടാമതെത്തിയപ്പോൾ ബിജെപിയുടെ ഷാജുമോൻ വട്ടേക്കാട് 24,045 വോട്ടുകൾ നേടിയിരുന്നു. 2024 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിർത്തിയിരുന്നു. സിപിഎമ്മിന്‍റെ യു ആർ പ്രദീപ് 64,827 വോട്ടുകൾ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രമ്യ ഹരിദാസ് 52,626 വോട്ടുകളായിരുന്നു നേടിയിരുന്നത്. എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ 33,609 വോട്ടുകളും നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam