
കാഞ്ഞങ്ങാട്: ജില്ലയിലെ മറ്റ് മണ്ഡലങ്ങൾ കൈവിട്ടപ്പോഴും കാഞ്ഞങ്ങാട്, അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ സിപിഎമ്മിന്‍റെ കനലൊരു തരിയായി ജില്ലയിൽ പിടിച്ച് നിന്നു. സി പി എമ്മിന്‍റെ വിജയ പാരമ്പര്യം തുടർന്ന അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ 15,316 വോട്ടുകൾക്കാണ് തന്‍റെ വിജയം ഉറപ്പിച്ചത്. 79,920 വോട്ടുകളാണ് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ കേരളാ കോൺഗ്രസിന്‍റെ ഷൈജി ഓട്ടപ്പള്ളി 64,604 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥിയായ എം ബൽരാജ് 27,063 വോട്ടുകളാണ് നേടിയത്.
2008 -ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് കാഞ്ഞങ്ങാട് മണ്ഡലം നിലവിൽ വന്നത്. അതിന് മുമ്പ് ഇത് ഹോസ്‍ദുർഗ് മണ്ഡലമായിരുന്നു. 2011 -ലാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ - കരിന്തളം, കോടോം - ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. അന്ന് മുതൽ ഇ ചന്ദ്രശേഖരൻ ശേഖരനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. 2011 -ലും 2016 -ലും 2021 -ലും കൃത്യമായി ലീഡ് നില ഉയർത്തിക്കൊണ്ടായിരുന്നു ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാടിനെ ഇടത് കോട്ടയായി ഉറപ്പിച്ച് നിർത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ യുഡിഎഫിന് വേണ്ടി നേരത്തെ മത്സരിച്ചിരുന്നത്.
കാഞ്ഞങ്ങാടിനെ പ്രതിനിധീകരിച്ച് സിപിഐ സ്ഥാനാർത്ഥിയായ ഇ ചന്ദ്രശേഖരൻ 2011 -ൽ ആദ്യമായി നിയമസഭയിലെത്തി. യുഡിഎഫിന്റെ എം സി ജോസിനെ 12,178 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു ആദ്യ ജയം. പിന്നീടങ്ങോട്ട് കാഞ്ഞങ്ങാട് മണ്ഡലം ചന്ദ്രശേഖരനൊപ്പം മാത്രമാണ് നിലകൊണ്ടത്. 2016 -ൽ തുടർച്ചയായ രണ്ടാം തവണയും ചന്ദ്രശേഖരനെ തന്നെ കളത്തിലിറക്കാനുള്ള എൽഡിഎഫ് തീരുമാനം ഫലം കണ്ടു. ഭൂരിപക്ഷം മുൻ തവണത്തേക്കാൾ ഇരട്ടിയിലധികമായി വർധിപ്പിച്ച അദ്ദേഹം വിശ്വാസം കാത്തു. യുഡിഎഫിന്‍റെ ധന്യ ധന്യപാലനെതിരെ 26,000 -ത്തിലധികം വോട്ടുകൾക്കായിരുന്നു രണ്ടാം ജയം.
2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാട്രിക് തേടിയാണ് ചന്ദ്രശേഖരൻ മത്സരത്തിനിറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ, റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ തന്‍റെ ഹാട്രിക് വിജയം നേടിയ തെരഞ്ഞെടുപ്പായി അത്. യുഡിഎഫിന് വേണ്ടി മത്സരിച്ച പി വി സുരേഷിനെ അദ്ദേഹം വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. ചന്ദ്രശേഖരൻ 84,665 വോട്ടുകൾ നേടിയപ്പോൾ പി വി സുരേഷിന് 57,526 വോട്ടുകളാണ് ലഭിച്ചത്. ചന്ദ്രശേഖരന് 27,139 വോട്ടിന്‍റെ ഭൂരിപക്ഷം. മൂന്നാം തവണ ഭൂരിപക്ഷത്തിൽ നേരിയ വർദ്ധനമാത്രം.
ഇ ചന്ദ്രശേഖരൻ ഇത്തവണ മാറിനിന്നത് മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിലും അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ മണ്ഡലം സിപിഎമ്മിന് വേണ്ടി നിലനിർത്തി. എൽഡിഎഫിനായി സിപിഐയിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ മത്സരരംഗത്തെത്തിയപ്പോൾ, യുഡിഎഫിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ ഷൈജി ഓട്ടപ്പള്ളിയാണ് ജനവിധി തേടിയത്. ബിജെപിക്കായി എം ബൽരാജ് തന്നെ വീണ്ടും കളത്തിലിറങ്ങി. വികസന നേട്ടങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പിൽ, ഇത്തവണ കാഞ്ഞങ്ങാടിന്റെ മനസ്സ് ആർക്കൊപ്പമെന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുദ്ധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ട് പോരാട്ടം നടന്നൊരു മണ്ഡലമാണ് കാഞ്ഞങ്ങാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam