കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു

By Web TeamFirst Published Mar 15, 2021, 6:56 AM IST
Highlights

കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ  നല്‍കി ആദരിച്ചിരുന്നു.

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിത്തിന് ശഷമാണ് വിടവാങ്ങല്‍. കൃഷ്ണന്‍, കുചേലന്‍, പരശുരാമന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു.

ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമാണ് വിടവാങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999 ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001 ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002 ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.

സിനിമാതാരങ്ങളുൾപ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. 2013 ലാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി കെ രാധാ കൃഷ്ണൻ സംവിധാനം ചെയ്ത മുഖം മൂടികൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 

click me!