
ആലപ്പുഴ: ചെങ്ങന്നൂരിലെ യേശുദാസിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആരോപിച്ച് മരുമകൾ ലീന രംഗത്ത്. യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ്റെ പേരിലേക്ക് മാറ്റിയതായും ബാങ്കിലെ പണമുൾപ്പെടെ മാറ്റിയത് മരണത്തിൽ സംശയം ഉണ്ടാക്കുന്നതായും ലീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യേശുദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിലും പോസ്റ്റ്മോർട്ടം നടത്താത്തതിലും സംശയമുണ്ട്. യേശുദാസിന്റെ ഡയറിക്കുറിപ്പുകൾ പോലും മറ്റാരോ എഴുതിയതാണെന്നും ലീന പറയുന്നു.
അതേസമയം, ദുരൂഹത ഉണ്ടെന്ന പരാതി ഉയർന്നതോടെ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. പള്ളി കല്ലറ പൊളിച്ച് പുറത്തെടുത്താണ് പോസ്റ്റ്മോർട്ടം നടപടികൾ. മാർച്ച് ഇരുപതിനാണ് ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 74 കാരന്റേത് പ്രായാധിക്യത്തെ തുടർന്നുള്ള മരണമാണെന്നും അതിനാൽ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നും സഹോദരൻ ഗബ്രിയേൽ അന്ന് നിലപാടെടുത്തിരുന്നു. ഇതോടെ പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം സംസ്കരിച്ചു.
അതിനിടെ, വിദേശത്തായിരുന്ന മരുമകൾ ലീന ബിൻസ് നാട്ടിലെത്തി സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് മരുമകൾ പൊലീസിൽ പരാതി നൽകി. സ്വത്ത് കൈക്കലാക്കാൻ യേശുദാസിനെ അപായപ്പെടുത്തിയതാണെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്നുമായിരുന്നു ആവശ്യം. മരുമകൾ നൽകിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള കോടതി ഉത്തരവ്. ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam