
ചെന്നൈ: മലയാളിയായ ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ആഭ്യന്തര അന്വേഷണ കമ്മീഷന്‍ പോലും രൂപീകരിക്കാന്‍ ഐഐടി അധികൃതര്‍ തയാറായിട്ടില്ല. അധ്യാപകര്‍ക്ക് എതിരെ തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കുന്നുണ്ട്.
ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയാറായിട്ടില്ല. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒരു വര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം ദേശീയതലത്തിന്‍ വരെ വന്‍വിവാദമായിട്ട് പോലും എന്തെങ്കിലും നടപടിയോ അന്വേഷണമോ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കാനും അധികൃതര്‍ തയ്യാറായില്ല.
ചെന്നൈ ഐഐടിയുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡറക്ടര്‍ ഭാസ്കര്‍ സുന്ദരമൂര്‍ത്തിയുടെ വാഹനം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കുന്നുവെങ്കിലും ആഭ്യന്തര അന്വേഷണമെന്ന ആവശ്യം ഐഐടി അധികൃതര്‍ കണക്കിലെടുക്കുന്നില്ല.
സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ മൂന്ന് അധ്യാപകരെ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. സഹപാഠികള്‍ ഉള്‍പ്പടെ 25ഓളം വിദ്യാര്‍ത്ഥികളെ ലോക്കല്‍ പൊലീസ് സംഭവത്തില്‍ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരായി മൊഴി നല്‍കിയിട്ടില്ല. മതപരമായ വേര്‍തിരിവ് നേരിട്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam