നവോത്ഥാന നായകന്റെ മേലങ്കി അഴിച്ചോ? ശബരിമല സത്യവാങ്മൂലം തിരുത്തുമെന്ന് പറയേണ്ടത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

By Web TeamFirst Published Feb 9, 2021, 11:59 AM IST
Highlights

ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തി കൊടുത്ത പിണറായി വിജയൻ വീണ്ടും നിലപാട് മാറ്റുമോ?

പാലക്കാട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം തിരുത്തുമെന്ന് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'അയാം ദി സ്റ്റേറ്റ് എന്ന് പറഞ്ഞുനടക്കുന്ന മുഖ്യമന്ത്രിയുള്ള ഇവിടെ ശബരിമല സത്യവാങ്മൂലം തിരുത്തുമെന്ന് എംഎ ബേബിയല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നവോഥാന നായകന്റെ മേലങ്കി മുഖ്യമന്ത്രി അഴിച്ചു വച്ചോയെന്ന ചോദ്യവും ചെന്നിത്തല ഉന്നയിച്ചു.

അധികാരത്തിൽ വന്നാൽ ശബരിമല നിയമ നിർമ്മാണം നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തി കൊടുത്ത പിണറായി വിജയൻ വീണ്ടും നിലപാട് മാറ്റുമോ? വികസന വിഷയത്തിൽ പരാജയപ്പെട്ട സർക്കാർ വർഗീയത പറയുന്നു. സിപിഎം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. മതങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടാണ് സിപിഎം എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..

സൈബർ ഗുണ്ടകളെ കൊണ്ട് സിപിഎം മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നു. ഇത് തുടങ്ങിവെച്ചത് മുഖ്യമന്തിയാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിൽ ബിജെപി - സിപിഎം കൂട്ടുകെട്ടിന്റെ ആരംഭമാണ് അത്. കേരളത്തിൽ അധികാരത്തിൽ തുടരാം എന്നത് തെറ്റായ ധാരണയാണ്. വിജയരാഘവൻ മൂക്കാതെ പഴുത്ത നേതാവാണ്. അദ്ദേഹം പാർട്ടി സെക്രട്ടറിയായത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല പ്രതീക്ഷ പങ്കുവച്ചു.

click me!