ഇരക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പം , സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളോട് പിണറായി മാപ്പ് പറയണമെന്ന് ചെന്നിത്തല

Published : Feb 18, 2025, 03:42 PM IST
 ഇരക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പം , സിദ്ധാര്‍ത്ഥന്‍റെ  മാതാപിതാക്കളോട്  പിണറായി മാപ്പ് പറയണമെന്ന് ചെന്നിത്തല

Synopsis

സിദ്ധാര്‍ത്ഥന്‍റെ ജീവനെടുത്ത എസ്എഫ്‌ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേര്‍ത്ത് പിടിക്കാനും സര്‍ക്കാര്‍ നടത്തിയ നാണംകെട്ട ശ്രമം, മുഴുവന്‍ മലയാളികളെയും ലജ്ജിപ്പിക്കുക തന്നെ ചെയ്യും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധാര്‍ത്ഥന്‍റെ  മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല.പൂക്കോട് റാഗിങ് കേസിലെ പ്രതികളായ എസ്എഫ്‌ഐ ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിങ് അരങ്ങേറിയത്.റാഗിങ്ങിനിരയായി ഇനി കേരളത്തില്‍ ഒരു മാതാപിതാക്കളുടെയും കണ്ണീര് വീഴരുത്. മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു

കത്തിന്‍റെ  പൂർണ രൂപം_

'വളരെയേറെ മനോദുഖത്തോടെയും ഹൃദയവേദനയോടെയുമാണ്  ഈ കത്തെഴുതുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്, നെടുമങ്ങാട് ജയപ്രകാശ് - ഷീബ ദമ്പതികളുടെ മകനായ ജെ.എസ് സിദ്ധാര്‍ത്ഥന്‍, വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ 20ലധികം വരുന്ന എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

'അവന്റെ അന്ത്യ വിശ്രമ സ്ഥലത്ത് രണ്ട് തവണ മാത്രമേ ഞാന്‍ പോയിട്ടൂള്ളൂ. അവിടെ പതിച്ച അവന്റെ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ അമ്മേ എന്ന് വിളിക്കുന്നതായി തോന്നും. കോളേജ് അധികൃതര്‍ റാഗിങ്ങിന് കൂട്ട് നില്‍ക്കുമ്പോള്‍ ഇരകള്‍ക്ക് എങ്ങനെ നീതി കിട്ടും? അവരെ പേടിച്ച് ആരും കോളേജില്‍ നടക്കുന്നതൊന്നും പുറത്ത് പറയില്ല'' എന്ന സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബയുടെ വാക്കുകള്‍ ആരുടെ മനസ്സാണ് പിടിച്ചുലയ്ക്കാത്തത്. ഒരു മനുഷ്യത്വ രഹിത സമൂഹത്തിനു നേരെ ഇതിലേറ ദീനമായി എങ്ങനെ സംസാരിക്കാനാകും.

ആന്റി റാഗിങ്ങ് സ്വാഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് 16.02.2024 നും 17.02.2024 നും ഇടയിലുള്ള രാത്രിയില്‍, സിദ്ധാര്‍ത്ഥന്റെ സഹവിദ്യാര്‍ത്ഥികളും, സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 'മൃഗീയമായ ശാരീരിക ആക്രമണത്തിനും പൊതുവിചാരണക്കും (Brutal physical assault and public trail) വിധേയനാക്കി' എന്നാണ്. ഒരു തുള്ളി വെള്ളമോ ഒരിറ്റു ഭക്ഷണമോ നല്‍കാതെ 21-ാം നമ്പര്‍ മുറിയില്‍ പൂട്ടിയിട്ട സിദ്ധാര്‍ത്ഥനെ ഇരുപതിലധികം എസ്എഫ്‌ഐ ഗുണ്ടകള്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ എന്നിവ ഉപയോഗിച്ച് അടിക്കുകയും ചെയ്തു എന്നും സിദ്ധാര്‍ത്ഥനെ വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിച്ച് നിറുത്തി എന്നും ഹോസ്റ്റലിന്റെ നടുത്തളത്തിലേക്ക് കൊണ്ടുപോയി അവിടെ വച്ചും സിദ്ധാര്‍ത്ഥനെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേരളത്തില്‍ ഇത് വരെ കേട്ട് കേള്‍വിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ എന്ന പാവം വിദ്യാര്‍ത്ഥി നേരിട്ടത്. എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ കെട്ടിതൂക്കിയതാണോ എന്ന് പോലും ന്യായമായും സംശയിക്കാവുന്നതാണ്.

ബഹു. മുഖ്യമന്ത്രി, സിദ്ധാര്‍ത്ഥന്‍ എന്ന ഒരു പാവം വിദ്യാര്‍ത്ഥിയെ, അതിക്രൂര ശാരീരിക ആക്രമണത്തിനും, പൊതുവിചാരണയ്ക്കും ഇരയാക്കിയ കശ്മലന്‍മാരായ മുഴുവന്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ക്കും രക്ഷപ്പെട്ട് സര്‍വ്വസ്വതന്ത്രമായി വിലസാനുള്ള എല്ലാ അവസരവും സൃഷ്ട്ടിക്കുകയല്ലേ അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തത്? വിദ്യാര്‍ഥികളോട് സംഭവങ്ങള്‍ പുറത്തു പറയരുത് എന്നു നിര്‍ദേശിച്ച കോളജ് അധികൃതര്‍ മുതല്‍ മജിസ്‌ട്രേറ്റിന്റെ മുറിയില്‍ കയറാന്‍ ശ്രമിച്ച മുന്‍ സിപിഎം എംഎല്‍എ വരെ നീളുന്നു ഈ ലിസ്റ്റ്. പ്രതികളെല്ലാം എസ്എഫ്‌ഐ നേതാക്കള്‍ ആയത് കൊണ്ട് ഈ ശ്രമങ്ങളെല്ലാം നടത്തുന്നത് സിപിഎമ്മിന്റെയും അങ്ങയുടെ നിയന്ത്രണത്തിലുള്ള പോലീസിന്റേയും അറിവോടെ ആയിരുന്നു എന്ന് ഉറപ്പല്ലേ?

ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയില്‍ എത്തിയപ്പോഴും പ്രതികളെ രക്ഷിക്കാനുള്ള നാണം കെട്ട ശ്രമമല്ലേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തിയത്? സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് തള്ളിവിടാനല്ല മറിച്ച് ഗുണദോഷിച്ച് നന്നാക്കാനായിരുന്നു പ്രതികളുടെ ശ്രമം എന്ന തെറ്റായ കോടതി കണ്ടെത്തലിലേക്കു നയിക്കാന്‍ പറ്റിയ ദുര്‍ബലമായ വാദങ്ങള്‍ മുന്നോട്ടു വെച്ചതു കൂടാതെ ജാമ്യവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാതിരുന്നത്, ഈ പ്രതികളെ, അങ്ങയുടെ സര്‍ക്കാര്‍ സംരക്ഷിച്ച് ചേര്‍ത്തുപിടിക്കുകയായിരുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നില്ലേ? ഈ ഗുണ്ടകള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ പഠന സൗകര്യം ഒരുക്കിയ ഹൈക്കോടതി വിധിക്കെതിരെയും സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത്, കാപാലികന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ അങ്ങയുടെ സര്‍ക്കാര്‍ സംരക്ഷിക്കുകയും ചേര്‍ത്ത് പിടിക്കുകയും ചെയ്തു എന്നതിന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന തെളിവല്ലേ?

പ്രതികളെ പരീക്ഷഎഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ അസാധാരണമായ തിടുക്കമാണ് അങ്ങയുടെ സര്‍ക്കാര്‍ കാട്ടിയത്. അതിനായി മണ്ണൂത്തിയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചതും 2 അദ്ധ്യാപകരെ പരീക്ഷാചുമതലയില്‍ നിയമിച്ചതുമെല്ലാം ശരവേഗത്തിലായിരുന്നു. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന വ്യക്തമായ സന്ദേശമല്ലേ സര്‍ക്കാര്‍ നല്‍കിയത്... പിന്നീട് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പ്രതികള്‍ക്ക് കോളേജില്‍ പുനപ്രവേശനം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്തത്.

ബഹു. മുഖ്യമന്ത്രി, സിദ്ധാര്‍ത്ഥന്‍ , എന്ന ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയെ, ഏതാണ്ട് 2 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന അതിഭീകരവും, അതിക്രൂരവുമായ ശാരീരിക അക്രമത്തിനും, പീഢനത്തിനും, അപമാനത്തിനും വിധേയമാക്കിയ എസ്എഫ്‌ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേര്‍ത്ത് പിടിക്കാനും അങ്ങയുടെ സര്‍ക്കാര്‍ നടത്തിയ നാണംകെട്ട ശ്രമം, സംസ്‌കാര സമ്പന്നമായ കേരളത്തിലെ മുഴുവന്‍ മലയാളികളെയും ലജ്ജിപ്പിക്കുക തന്നെ ചെയ്യും. ഈ പ്രതികളെ, അവര്‍ എസ്എഫ്‌ഐ നേതാക്കളാണ് എന്ന ഒറ്റക്കാരണത്താല്‍, സംരക്ഷിച്ചതുകൊണ്ടാണ്, കോട്ടയത്ത് നടന്നത് പോലുള്ള കൊടും ക്രൂരറാഗിങ്ങ് സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.

അങ്ങക്ക് അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍, സിദ്ധാര്‍ത്ഥന്‍ എന്ന പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരായ അതിക്രൂരന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളോട്  മുഖ്യമന്ത്രി എന്ന നിലയില്‍ നിരുപാധികം, പരസ്യമായി മാപ്പ് പറയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു