
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബിജെപിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പൊലീസിന്‍റേയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയത് നോക്കി നിന്ന പൊലീസ് ,അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ദിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങൾ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേർക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിർദ്ദേശമുള്ളത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിന്‍റെ അനന്തരഫലങ്ങളാണിതൊക്കെ. അത് കൊണ്ടാണല്ലോ ബി ജെ പിയുടെ ഘടകക്ഷിയായ ജെ.ഡി.എസ്സിന്‍റെ മന്ത്രി കൃഷ്ണൻ കുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരാൻ പിണറായി അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ നന്ദി ദേവഗൗഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സമനില തെറ്റിയ പിണറായിയും പൊലീസും ഗുണ്ടകളും എത്ര മർദിച്ചാലും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് കരുതണ്ട.
ഗവർണ്ണർക്കെതിരെ സ്വന്തം പാർട്ടിക്കാരെ പൊലീസ് സംരക്ഷണയിൽ കരിങ്കൊടി കാണിക്കാൻ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാൾ കഴിയില്ല. പ്രവർത്തകരെ എത്തിച്ചത് കെ പി സി സി സെക്രട്ടറി ജോബാണെന്ന് ആരോപിച്ച് ജോബിൻ്റെ വീടാക്രമിച്ച നടപടിയെ ചെന്നിത്തല ശക്തമായി അപലപിച്ചു. പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത്തരം പ്രവണത മുളയിലെ നുള്ളിയിച്ചെങ്കിൽ വലിയ വില നൽകേണ്ടി വരും. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എങ്ങനെയും കൈകാര്യം ചെയ്ത് എന്നും സർവ്വീസിൽ തുടരാമെന്ന് പോലീസ് കരുതേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam