
കോഴിക്കോട്: വയനാട് വന്യജീവി സങ്കേതത്തിലെ മൂന്നര കിലോമീറ്റർ പരിധിയെ പരിസ്ഥിതി ദുർബല മേഖലയാക്കിയ കരട് വിജ്ഞാപനം പിൻവലിക്കാൻ കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണം. പ്രദേശത്തെ നിരവധി കർഷകരെ ബാധിക്കുന്ന കാര്യമാണിത്. വിജ്ഞാപനം ജനുവരി 28ന് വന്നിട്ടും സംസ്ഥാന സർക്കാർ ഇതുവരെ ഇടപെടാത്തത് ദുരൂഹമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 3.5 കിലോമീറ്റര്‍ വായു പരിധിവരെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചാണ് കരട് വിജ്ഞാപനമിറങ്ങിയത്. മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119 സ്ക്വയര്‍ കിലോമീറ്റര്‍ പരിസ്ഥിതി ദുരബല മേഖലയാകും. ഇതോടെ ഭൂമിയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരും. വന്‍കിട നിര്‍മ്മാണങ്ങളും ഖനന പ്രവര്‍ത്തനങ്ങളും പൂര‍്ണ്ണമായും നിരോധിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.
ജനുവരി 28നാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. കരട് വിജ്ഞാപനമിറങ്ങി 60 ദിവസത്തിനുള്ളില്‍ പരാതികളറിയിക്കാം. 60 ദിവസത്തിനു ശേഷം പ്രദേശങ്ങൾ പരിസ്ഥിതി ദുർബല മേഖലയാവും. കരട് വിജ്ഞാപനം പ്രകാരം ബത്തേരി, കാട്ടിക്കുളം ടൗണുകൾ പരിസ്ഥിതി ദുർബല മേഖലകളാകും. വിവിധ ഖനന പ്രവർത്തികൾ, പാറമടകൾ, ക്രഷർ എന്നിവ പൂർണമായും നിരോധിക്കും. മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ നിരോധിക്കും.
ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ സ്ഥാപിക്കാനാവില്ല. തടി മില്ലുകൾ നിരോധിക്കും. പഴയ തടി മില്ലുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പുനരുദ്ധാരണ പ്രവർത്തികൾ പാടില്ല. വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ പരിധിയിൽ പുതിയ ഹോട്ടലുകളും റിസോർട്ടുകളും പാടില്ല. ഒരു കിലോമീറ്റർ പരിധിയിൽ വ്യവസായിക ആവശ്യത്തിനുള്ള നിർമ്മാണ പ്രവർത്തികൾ നിരോധിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പരിസ്ഥിതി ദുർബല മേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ പാടില്ല. പരിസ്ഥിതി ദുർബല മേഖലയിലെ ജൈവ കൃഷികൾ പ്രോത്സാഹിപ്പിക്കുമെന്നും വിജ്ഞാപനം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam