"ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന്..."; പിണറായി വിജയനെ അപഹസിച്ച് കെ സുധാകരൻ

By Web TeamFirst Published Feb 3, 2021, 5:52 PM IST
Highlights

ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്നാണ് സുധാകരൻ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരൻ എംപി. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്നാണ് സുധാകരൻ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരൻ്റെ പ്രസംഗം.

സിപിഎം ആക്ടിം​ഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാ​ഘവനെതിരെ സുധാകരൻ കഴിഞ്ഞദിവസം  രൂക്ഷവിമ‍ർശനം ഉയർത്തിയതും ചർച്ചയായിരുന്നു.  വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു കെ.സുധാകരൻ പറഞ്ഞത്. 

കോൺ​ഗ്രസ് നേതാക്കൾ പാണക്കാട് എത്തി ലീ​​ഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ അതിരൂക്ഷ വിമ‍ർശനവുമായി രം​ഗത്തു വന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ. വിജയരാ​ഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണമെന്ന് സുധാകരൻ പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകൾ കോൺ​ഗ്രസ് നേതാക്കൾ സന്ദ‍ർശിക്കുന്നതിൽ എന്താണ് തെറ്റെന്നും പാണക്കാടേക്ക് ഇനിയും പോകുമെന്നും ച‍ർച്ച നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു. 

തദ്ദേശതെരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി കൂട്ടുകെട്ടുണ്ടാവും. അതിനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു.

click me!