
തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസികളുടെ കാണിക്ക വരെ അടിച്ചുമാറ്റുന്ന ദേവസ്വം ബോർഡും സർക്കാരും വിശ്വാസികളുടെ പണം ദുർവിനിയോഗം ചെയ്താണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിന് മൂന്ന് കോടി രൂപയാണ് അതിന്‍റെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് ദേവസ്വം ബോർഡ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് ഒരു പൈസ പോലും ചെലവാക്കില്ല എന്നും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തും എന്നുമായിരുന്നു സർക്കാരിന്റെയും ബോർഡിന്റെയും വീരവാദം. തെരഞ്ഞെടുപ്പ് സ്റ്റണ്ടായി അയ്യപ്പ സംഗമം തീരുമാനിച്ചപ്പോൾ തന്നെ ധൂർത്തിനെ കുറിച്ച് എല്ലാവരും മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ സ്പോൺസർഷിപ്പ് ന്യായം പറഞ്ഞാണ് അന്ന് ബോർഡും സർക്കാരും പിടിച്ചുനിന്നത്. ഇപ്പോൾ ദേവസ്വം ബോർഡിൻറെ സർപ്ളസ് ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപയാണ് ഇവന്‍റ് മാനേജ്മെൻറ് കമ്പനിക്ക് കൈമാറിയത്. 8.2 കോടി രൂപയാണ് മൊത്തം നൽകാൻ ഉള്ളത് എന്നാണ് വിവരം. അയ്യപ്പ സംഗമം പൊളിഞ്ഞുപോയ സ്ഥിതിക്ക് മുഴുവൻ പണവും ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ പോകും എന്നത് ഉറപ്പാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ അയ്യപ്പ സംഗമത്തിന് കേരളത്തിലെ ഭക്തജനങ്ങൾ നൽകിയ ദേവസ്വം ബോർഡിന്‍റെ പണം ദുർവിനിയോഗം ചെയ്യുന്നത് അങ്ങേയറ്റം ഗൗരവമായ തെറ്റാണ്. അവിശ്വാസികളും കപട ഭക്തന്മാരുമായ ഒരു കൂട്ടം ആളുകൾ കേരളത്തില ക്ഷേത്രങ്ങളിൽ കാണിക്ക ലഭിക്കുന്ന പണവും മുതലും കബളിപ്പിച്ചു കൊണ്ടുപോകുന്ന ഭീകരാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ കപട ഭക്തന്മാരെ എത്രയും പെട്ടെന്ന് നിർമാർജനം ചെയ്ത് പൂങ്കാവനത്തിന്റെയും ക്ഷേത്ര പരിസരങ്ങളുടെയും പരിശുദ്ധി വീണ്ടെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്‍റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്നത് എന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ ഭക്തജനങ്ങള്‍ നല്‍കിയ കാണിക്ക പോലും അടിച്ചു മാറ്റി കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷമായി ദേവസ്വം ഭരണം കയ്യാളിയ ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതു കൊണ്ടാണ് പരിപാവനമായ ശബരിമലയില്‍ പോലും ഭഗവാനു വെച്ച കാണിക്ക പോലും അടിച്ചു മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവര്‍ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്. ആചാരലംഘനം അടക്കമുള്ളവയ്ക്കു നേതൃത്വം നല്‍കി. ഇപ്പോള്‍ മുച്ചൂടും മോഷ്ടിച്ചു നശിപ്പിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.