കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ, തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ല; ചെറിയാന്‍ ഫിലിപ്പ്

By Web TeamFirst Published Apr 7, 2022, 11:47 AM IST
Highlights

അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. 

തിരുവനന്തപുരം: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിന്‍റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ ആണെന്ന് ചെറിയാന്‍ ഫിലിപ്പ്. കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. 

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള എഐസിസി അംഗംകൂടിയായ കെവി തോമസിന്‍റെ തീരുമാനം കോണ്‍ഗ്രസില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് കെവി തോമസിനെതിരെ രംഗത്ത് വന്നിരുന്നു.  കെവി തോമസ് സിപിമ്മിന്റെ പ്രണയ തട്ടിപ്പിൽ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണെന്ന്  ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.  

'യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല'- ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ മുന്നറയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.  രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നുമാണ് കെ.വി.തോമസ് പ്രതികരിച്ചത്.

കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ സിപിഎമ്മുമായി കൈപിടിച്ചാണ് കോൺ​ഗ്രസ് മുന്നോട്ട് പോകുന്നത്. കോയമ്പത്തൂരിൽ രാഹുൽ ​ഗാന്ധി നേരിട്ടാണ് സിപിഎം സ്ഥാനാ‍ർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. സ്റ്റാലിൻ പങ്കെടുക്കുന്ന അതേ സെമിനാറിലാണ് താൻ പങ്കെടുക്കേണ്ടത്. എന്നാൽ ഈ ഘട്ടത്തിൽ എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് നേരിട്ടത്. ഞാൻ പെട്ടെന്നൊരു ദിവസം പാർട്ടിയിൽ പൊട്ടിമുളച്ച ആളല്ലെന്ന് കെവി തോമസ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രണ്ട്തട്ടിലാണ് അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഗൺ മുനയിൽ ആണോ എന്നോട് സംസാരിക്കേണ്ടത്. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാൻ പോകും-കെവി തോമസ് വ്യക്തമാക്കി. 
 

click me!