
കാസർകോട്: കാസർകോട് ചെറുവത്തൂർ ഞാണങ്കൈയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊൽക്കത്ത സ്വദേശികളായ
മുന്നാൽ ലസ്കർ (55), മോഹൻ തേജർ (18) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായി. 4 പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഒരാളെ വളരെ പെട്ടെന്ന് രക്ഷപ്പെടുത്തിയിരുന്നു. അവസാനം രക്ഷപ്പെടുത്തിയ ആളാണ് ഇപ്പോള്‍ മരണപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവിടെ അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.