ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം, മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Published : Sep 20, 2025, 08:22 PM IST
Chief Minister and Opposition Leader congratulate Mohanlal

Synopsis

നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും അർഹിക്കുന്ന അം​ഗീകാരമാണിതെന്നും മുഖ്യമന്ത്രി. ലോകത്തെ വിസ്മയിപ്പിച്ച നടനാണ് മോഹൻലാലെന്നും ഓരോ മലയാളിക്കും ഉള്ള അംഗീകാരമാണിതെന്നും പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം സ്വന്തമാക്കിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിനന്ദിച്ചു. നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും അർഹിക്കുന്ന അം​ഗീകാരമാണിതെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, ലോകത്തെ വിസ്മയിപ്പിച്ച നടനാണ് മോഹൻലാലെന്നും ഓരോ മലയാളിക്കും ഉള്ള അംഗീകാരമാണിതെന്നും പ്രതിപക്ഷ നേതാവ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ!

പ്രതിപക്ഷ നേതാവ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

മലയാളത്തിൻ്റെ അഭിമാനം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ.

പുരസ്കാരം ഈ മാസം 23ന് സമ്മാനിക്കും

2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് (ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും