
പത്തനംതിട്ട: പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ പ്രതീക്ഷച്ചതിൽ കൂടുതൽ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. 4126 പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2125 പേർ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണ്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് കൂടുതലുള്ളത്. വിദേശത്തുനിന്നും 182 പേരെത്തി. ഇതിൽ ശ്രീലങ്കയിൽ നിന്നുള്ളവരാണ് കൂടുതൽ. സംഗമത്തിൽ പങ്കെടുത്ത 1819 പേർ കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും 28ഓളം സംഘടനകളും അയ്യപ്പസംഗമത്തിൽ പങ്കെടുത്തെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒരു പരാതിയും ഇല്ലാതെയാണ് അയ്യപ്പ സംഗമം നടത്തിയത്. ചർച്ചകളിൽ ഒരു കൗണ്ടറിലെ മാത്രം എണ്ണമെടുത്ത് തെറ്റായ സംഖ്യ നൽകി. സംഗമത്തിൽ നിന്നും ശബരിമല വികസനത്തിന് ലഭിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിനായി 18 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്പോൺസർമാർ പലരും വന്നു. ധാരണയാക്കിയ ശേഷം അറിയിക്കാം എന്ന് പറഞ്ഞെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഒക്ടോബറിൽ രാഷ്ട്രപതി ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതുസമയത്തും സജ്ജമാണെന്ന് രാഷ്ട്രപതി ഭവനെ തിരികെ അറിയിച്ചതായും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കസേരകൾ എല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവാണെന്നും സ്ത്രീ പ്രവേശനത്തെ പറ്റി വാദിച്ച മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഭക്തനാണോ? എങ്കിൽ പറയട്ടെ. ഞാൻ ഭക്തനാണ്, ചെയ്ത കാര്യം തെറ്റായിപ്പോയി, മാപ്പാക്കണം, ഖേദം പ്രകടിപ്പിക്കുന്നു എന്നൊക്കെ പറയട്ടെയെന്നും ഭക്തരെ കബളിപ്പിക്കുന്ന ഏർപ്പാട് നിർത്തണമെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.