
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥർക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ. മാവോയിസ്റ്റ് ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം അതിന് തെളിവാണെന്നും സർക്കാർ നിലപാടിന് എതിരാണ് ലേഖനമെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ പുറത്താക്കണമെന്നും ബെന്നി ബെഹ്നാൻ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന്‍റെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിന്‍റെയും പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകൾക്ക് എതിരായ നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് പത്രത്തില്‍ ലേഖനമെഴുതിയതാണ് വിവാദമായത്.
മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍തന്നെയാണെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
ഇതോടെ പ്രതിപക്ഷവും സിപിഐയും ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ രംഗത്തെത്തി. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നും ആരാണ് ലേഖനമെഴുതാൻ ചീഫ് സെക്രട്ടറിക്ക് അധികാരം നൽകിയതെന്നും ചോദിച്ച സിപിഐ എംഎല്‍എമാരുടെ സംഘം ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam