'കോപ്പി അടിച്ചെങ്കില്‍ അതെന്‍റെ കഴിവ്'; ഫേസ്ബുക്കില്‍ വീരവാദവുമായി കുത്തുകേസ് പ്രതിയായ മുന്‍ എസ്എഫ്ഐക്കാരന്‍

By Web TeamFirst Published Nov 5, 2019, 12:10 PM IST
Highlights

യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും  ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി വ്യക്തമാക്കി

തിരുവനന്തപുരം: ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ വീരവാദം മുഴക്കി യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും  മുൻ എസ്എഫ്ഐ നേതാവുമായ നസീം. ജാമ്യം ലഭിച്ചതിന് ശേഷം ഫേസ്ബുക്കിലെ തന്‍റെ പ്രൊഫൈല്‍ ഫോട്ടോ നസീം പുതുക്കിയിരുന്നു.

ഈ ഫോട്ടോയ്ക്ക് താഴെ 'നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ'യെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്‍റെ കഴിവാണെന്ന് നസീം മറുപടി നല്‍കിയത്. ''തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്'' എന്ന അടിക്കുറിപ്പുള്ള ഫോട്ടോയാണ് ഫേസ്ബുക്കിലെ പ്രൊഫൈലില്‍ നസീം അപ്ഡേറ്റ് ചെയ്തത്.

യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും  ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി വ്യക്തമാക്കി. ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. 

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴികള്‍. പിന്നീടാണ് നാടകീയമായ സംഭവവികാസങ്ങളുണ്ടായത്. പ്രതി ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണെന്ന വിവരം പുറത്തുവന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി.

ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 

വിശദമായി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് പിന്നീട് ചെയ്തത് കന്‍റോണ്‍മെന്‍റ് എസ്ഐയുടെ നേതൃത്വത്തിൽ ശിവരഞ്ജിത്തിന്‍റെ ആറ്റുകാലിലെ വീട്ടില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. സർവകലാശാലയുടെ ഉത്തരക്കടലാസും സീലുമടക്കം ഞെട്ടിക്കുന്ന വസ്തുക്കളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.

ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളുണ്ടായിരുന്നു. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും കണ്ടെത്തി. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് വച്ചാണ് ശിവരഞ്ജിത്ത് പരീക്ഷയിൽ ഒന്നാംറാങ്കുകാരനായത്. ഇതിനിടെ ഇരുവർക്കും പരീക്ഷയ്ക്കിടെ മെസേജുകൾ വന്നിരുന്നെന്നും, ഉത്തരങ്ങൾ മെസ്സേജ് ആയി അയച്ചത് സഫീർ എന്ന ഒരു സുഹൃത്തും ഒരു കോൺസ്റ്റബിളും ചേർന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

എസ്എപി ക്യാമ്പിലെ പൊലീസുകാരനായ പ്രണവാണ് ഇരുവർക്കും ഉത്തരങ്ങൾ അയച്ചു കൊടുത്തത്. പിഎസ്‍സി വിജിലന്‍സ് വിംഗാണ് ഇത് കണ്ടെത്തിയത്. തട്ടിപ്പിനായി പുതിയ നമ്പര്‍ എടുക്കാന്‍ ഔദ്യോഗിക നമ്പര്‍ കടയില്‍ നല്‍കിയതാണ് വഴിത്തിരിവായത്. 

click me!