'പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല'; സിപിഐയ്ക്ക് പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി

Published : Oct 27, 2025, 06:48 PM ISTUpdated : Oct 27, 2025, 07:21 PM IST
pinarayi

Synopsis

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിലെ പ്രസം​ഗത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

ആലപ്പുഴ: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിലെ പ്രസം​ഗത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വി എസ് വേർപിരിഞ്ഞ അവസരമാണിതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാം സ്വയംഭൂവായി എത്തിയത് അല്ല. അതിനു പിന്നിൽ പുന്നപ്ര വയലാർ സമരം പോലുള്ള ത്യാഗങ്ങൾ ഉണ്ട്.  ക്രൂരമായ അടിച്ചമർത്തലുകൾ ഉണ്ട്. കേരളം രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിൻ്റെ ചരിത്രം മറന്നു പോകരുത്. നവോത്ഥാനം വഹിച്ച പങ്ക് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തിന് പിന്തുടർച്ച ഉണ്ടായി. അത് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സർക്കാരാണ്. 

നടന്ന് എത്താവുന്നതിലും ദൂരെയായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. ഏതൊരു കുട്ടിക്കും നടന്ന് എത്താവുന്ന ദൂരത്ത് സ്കൂളുകൾ ഉണ്ട് ഇപ്പോൾ. അത് നാടിന് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. 1957 ലെ ഇ എം എസ് സർക്കാർ പൊലീസ് നയം അഴിച്ചുപണിതു. പൊലിസ് നവീകരണം ആരംഭിച്ചു. കേരളത്തെ മാറ്റി മറിക്കാൻ ഇത്തരത്തിൽ ഉള്ള നടപടികൾ സഹായിച്ചു. അത്തരത്തിൽ ഒരു ഘട്ടത്തിൽ ആണ് നാം ഇപ്പോൾ. 2006 മുതൽ 11 വരെ എൽഡിഎഫ് സർക്കാർ ആയിരുന്നു. അതിനു ശേഷം കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സർക്കാർ വന്നു. എൽഡിഎഫ് സർക്കാർ കേരളത്തെ വലിയ തോതിൽ മുന്നോട്ടു നയിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാം തകരുന്ന കാഴ്ചയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൊതു വിദ്യാലയങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടു. മുൻപ് പാഠപുസ്തകം കൃത്യമായി ലഭിച്ചിരുന്നില്ല. കെടുകാര്യസ്ഥതയായിരുന്നു. എൽഡിഎഫ് പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തി. പൊതു വിദ്യാഭ്യാസ യജ്ഞം നടപ്പാക്കി. സ്കൂളുകൾ മെച്ചപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. 2016 ൽ എൽഡിഎഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടു. കേന്ദ്രസർക്കാർ തന്നെ ഇത് സാക്ഷ്യപ്പെടുത്തി. സാമൂഹിക പ്രതിബദ്ധത ഉണ്ടെങ്കിലേ നാടിനെ മുന്നോട്ട് നയിക്കാനാകൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിറകോട്ടു നോക്കിയാൽ അത് മനസ്സിലാകും.

ഇവിടെ ഒരു കാര്യവും നടക്കില്ല എന്ന ചിന്ത ആയിരുന്നല്ലോ പലർക്കും. അവരുടെ അനുഭവം ആണ് അവരെ അങ്ങനെ ചിന്തിപ്പിച്ചത്. ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ ആണ് സ്വീകരിക്കേണ്ടത്. ദേശീയ പാത ഉദാഹരണമാണ്. പണം സർക്കാർ തന്നെ ചെലവാക്കണമെന്നില്ല. കേന്ദ്രം ചെലവാക്കി. ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.  അവസാനം നമ്മൾ അത് ചെയ്തു കൊടുത്തു. 2011- 16കാലത്ത് ഒന്നും ചെയ്തില്ല. അതിൻ്റെ പിഴ ഒടുക്കേണ്ടി വന്നു. സ്ഥലം എടുത്തു കൊടുക്കേണ്ടി വന്നു രാജ്യത്ത് ഒരിടത്തും ആ സ്ഥിതിയില്ല. 5100 കോടി രൂപ കൊടുക്കേണ്ടി വന്നു. മാറ്റങ്ങൾ നമ്മുടെ കേരളത്തിൽ സംഭവിക്കുന്നത് ഇങ്ങനെയാണ്. ഗെയിൽ പൈപ്പ് ലൈനുകൾ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഡിസംബറിൽ ദേശീയ പാതയുടെ നല്ലൊരു ഭാഗം പൂർത്തിയാക്കും. നിധിൻ ഗഡ്കരി ജനുവരിയിൽ കേരളത്തിൽ വരുമ്പോൾ ഉദ്ഘാടനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർച്ചിന് മുൻപ് മുഴുവൻ പൂർത്തിയാക്കണം എന്ന് നിർദേശം ഗഡ്കരി നൽകി. കേന്ദ്രം വൈകാതെ റിവ്യൂ നടത്തും. ഒന്നാം സർക്കാർ ആദ്യം പരിഗണിച്ചത് പൊതു വിദ്യാഭ്യാസ മേഖലയെ ആണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്നീട് ആണ് ശ്രദ്ധ പുലർത്തിയത്. രണ്ടാം തവണ അധികാരത്തിൽ എത്തിയപ്പോൾ കൂടുതൽ ശ്രദ്ധ നൽകി. രാജ്യത്തെ ആദ്യത്തെ 12 യൂണിവേഴ്സിറ്റികൾ എടുത്താൽ അതിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്. ഇതാണ് മാറ്റം. അതിനു ആവശ്യമായ പിന്തുണ നൽകണം. അതിന്റെ ഭാഗമായാണ് മാറ്റം. വിദേശ വിദ്യാർത്ഥികൾ കൂടുതൽ ആയി കടന്നു വരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വാട്ടർ മെട്രോ രാജ്യത്തിനു മാതൃകയെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാവസായിക രംഗത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്. പല കാര്യങ്ങളിലും നാം മാതൃകയാണ്. നമ്മുടെ നാടിന് വികസനം വേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ആളുകൾ പുരോഗതി ആഗ്രഹിക്കുന്നില്ലേ? അതിനു പുതിയ ധന ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. അതിനാണ് കിഫ്ബി ആവിഷ്കരിച്ചത്. അന്ന് എന്തൊക്കെ പഴിയാണ് കേട്ടതെന്ന് ചോദിച്ച മുഖ്യമന്ത്രി 140 മണ്ഡലങ്ങളിൽ കിഫ്ബി പദ്ധതി വരാത്ത മണ്ഡലം ഉണ്ടോ എന്നും കൂട്ടിച്ചേര്‍ത്തു.

ജനം ആഗ്രഹിക്കുന്നത് വികസനമാണ്. പദ്ധതികൾ നടപ്പാക്കുമ്പോൾ ഒപ്പം നിൽക്കുകയല്ലേ വേണ്ടത്? പക്ഷെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കി. വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. മുണ്ടക്കൈ - ചുരൽമല മാതൃക ടൗൺ ഷിപ്പ് ജനുവരിയിൽ യാഥാർത്ഥ്യമാകും. വികസനം മുടക്കാൻ കേന്ദ്രം ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പിഎം ശ്രീയെ ഒന്നും പറയാതെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പുന്നപ്ര വയലാർ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ "പുന്നപ്ര വയലാർ സമരസേനാനികൾ" - ഡയറക്ടറി' യുടെ പ്രകാശനം ബിനോയ് വിശ്വത്തിന് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. 

 

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ