പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം കേരളത്തിൽ അപകടകരമായ തോതിൽ അലർജി രോഗങ്ങൾ വർധിപ്പിക്കുന്നു; ചൂണ്ടിക്കാട്ടി വിദഗ്ധർ

Published : Oct 27, 2025, 06:37 PM IST
Allergic Diseases

Synopsis

അലർജി രോഗങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിത പാശ്ചാത്യരാജ്യങ്ങളുടെ ഒപ്പം കേരളവുമെത്താൻ അധികം താമസമുണ്ടാകില്ലെന്ന് ഐറിസ് സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ വിദഗ്ധ ഡോക്ടർമാർ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ദ്വിദിന ഹെൽത്ത് സമ്മിറ്റ് - ഐറിസ് അലർജി കണക്ടിൽ പങ്കെടുത്ത വിദഗ്ദ്ധരാണ് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയത്. ആഗോളതലത്തിലെ ആസ്ത്മ രോഗികളുടെ 12 ശതമാനം ഇന്ത്യയിലാണെന്ന് അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റി അലർജി വിഭാഗം മേധാവിയും ഇന്റർനാഷണൽ ആസ്ത്മ സർവീസസ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനുമായ ഡോ. പി കെ വേദാന്തൻ പറഞ്ഞു. ആസ്ത്മയും അനുബന്ധ രോഗങ്ങളും മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 42 ശതമാനമാണ്. രാജ്യത്തെ രോഗികളായ കുട്ടികളിൽ 40 ശതമാനം ഗുരുതരമായ ആസ്ത്മ രോഗമുള്ളവരാണ്. രോഗപ്രതിരോധ ശേഷി വര്‍‌ധിപ്പിക്കുന്ന തദ്ദേശീയ ഭക്ഷണശീലങ്ങളിൽ നിന്ന് വ്യതിചലിച്ച് പാശ്ചാത്യഭക്ഷണശീലങ്ങളിലേക്കു മാറുന്നതും അന്തരീക്ഷ മലിനീകരണംപോലുള്ള പ്രശ്‌നങ്ങളുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. നിലവിൽ വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന അലർജി ചികിൽസയെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് നമ്മുടെ ആരോഗ്യരംഗം മാറേണ്ടതുണ്ടെന്നും ഡോ. വേദാന്തന്‍ ചൂണ്ടിക്കാട്ടി.

ഭക്ഷണശീലങ്ങൾ നിർണായകം

സാധാരണ പ്രസവങ്ങളിൽ കുട്ടികൾക്ക് അമ്മയിൽനിന്ന് ലഭിക്കുന്ന മൈക്രോബയോമുകൾ സിസേറിയനുകളിൽ ലഭിക്കാത്തത് ശസ്ത്രക്രിയയിലൂടെ ജനിക്കുന്ന കുട്ടികളിൽ പ്രതിരോധശേഷി കുറയുന്നതിനും അലർജി രോഗങ്ങൾ വർധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഐറിസിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. ഷഹനാസ് ബീഗം പറഞ്ഞു. അലർജി രോഗങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിത പാശ്ചാത്യരാജ്യങ്ങളുടെ ഒപ്പം കേരളവുമെത്താൻ അധികം താമസമുണ്ടാകില്ലെന്ന് ഐറിസിലെതന്നെ ഡോ. വീണ വി നായർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ തുടക്കം മുതലേ ധാന്യങ്ങളും മറ്റും ഉൾപ്പെടുത്തുന്ന പഴയശീലം നിലനിറുത്തുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും അലർജി രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സഹായിക്കുമെന്ന് ഡോ. വീണ പറഞ്ഞു.

വിവിധ സെഷനുകളിൽ പങ്കെടുത്ത് പ്രമുഖർ

ന്യൂഡൽഹി ഗ്രിപ്മെറിൽ നിന്നുള്ള ഡോ. നീരജ് ഗുപ്ത, ഓസ്ട്രേലിയ അഡലൈഡ് റോയൽ ആശുപത്രിയിലെ ഡോ. പ്രവീൺ ഹിസാരിയ, പുതുശ്ശേരി ജിപ്മറിലെ ഡോ. എം. മാലതി, മണിപ്പാൽ ആശുപത്രിയിലെ ഡോ. ആങ്കുർ കുമാർ ജിൻഡാൽ, സംസ്ഥാന ആരോഗ്യ സർവീസിലെ ഡോ. കൃഷ്ണമോഹൻ, വെല്ലൂർ എൻ എം സിയിലെ ഡോ. നർമദ അശോക്, ചെന്നൈ വി എൻ എ എ ആർ സിയിലെ ഡോ. കാർത്തിക് നാഗരാജു, ഐറിസിലെ ഡോ. ഷെഹനാസ് ബീഗം, ഡോ. വീണ വി നായർ, ഡോ. വിഷാദ് വിശ്വനാഥ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി