സഭാതര്‍ക്കം: മതമേലധ്യക്ഷരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

By Web TeamFirst Published Dec 21, 2020, 5:41 PM IST
Highlights

തര്‍ക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി നിരന്തരം നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷന്മാര്‍ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുള്ള ആശയ വിനിമയം മുഖ്യമന്ത്രി തുടരണമെന്നും അഭര്‍ത്ഥിച്ചു. 

തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര ക്രിസ്ത്യന്‍ സഭകളുടെ മേലധ്യക്ഷന്മാരുമായും സഭാപ്രതിനിധികളുമായും ചര്‍ച്ച നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്, ലത്തീന്‍ സഭയുടെ ബിഷപ്പ് ജോസഫ് കരിയില്‍, ഡോ. തിയോഡോസിയസ് മാര്‍തോമ മെത്രാപ്പൊലീത്ത, ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ് (സി.എസ്.ഐ), സിറില്‍ മാര്‍ ബയേലിയോസ് മെത്രാപ്പൊലീത്ത, കാല്‍ഡിയല്‍ ചര്‍ച്ച് ബിഷപ്പ് ഓജീന്‍ മാര്‍ കുര്യാക്കോസ്, ക്നാനായസഭ മെത്രാപ്പൊലീത്ത മാര്‍ സെവറിയോസ് കുര്യാക്കോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

തര്‍ക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി നിരന്തരം നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷന്മാര്‍ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുള്ള ആശയ വിനിമയം മുഖ്യമന്ത്രി തുടരണമെന്നും അഭര്‍ത്ഥിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ സഭാ മേധവികള്‍ മുന്നോട്ടുവെച്ചു. സെമിത്തേരിയില്‍  എല്ലാവര്‍ക്കും അവകാശം നല്‍കുന്നതിന് ഗവണ്‍മെന്‍റ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സഭാനേതാക്കള്‍ അഭിനന്ദിച്ചു. ശവമടക്കിനുള്ള പ്രശ്നങ്ങള്‍ ഈ നിയമ നടപടിയിലൂടെ പരിഹരിക്കപ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിലും പരിസരങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബിഷപ്പുമാര്‍ പിന്തുണ അറിയിച്ചു. 

സഭാനേതാക്കള്‍ മുന്നോട്ടുവെച്ച വിലപ്പെട്ട നിര്‍ദേശങ്ങള്‍ ഗൗരവമായി കണക്കിലെടുക്കുമെന്നും നിയമവശം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സര്‍ക്കാര്‍ നിലപാട് എടുക്കും. എന്നാല്‍, സമാധാനഭംഗമുണ്ടാകാന്‍ അനുവദിക്കില്ല. ഇരുവിഭാഗങ്ങളും രഞ്ജിപ്പിലെത്തുക എന്നത് പ്രധാനമാണ്. അതിനാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. അവരുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരും. അതോടൊപ്പം, ഇതരസഭകളുടെ അധ്യക്ഷന്‍മാര്‍ പ്രശ്നപരിഹാരത്തിന് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ചർച്ചയിൽ ഉയർന്ന നിർദേശം  നല്ലതും  സ്വീകാര്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!