കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീയെന്ന് മുഖ്യമന്ത്രി, പെൻഷൻ കുടിശികയിൽ ഉറപ്പ്; പരാതിക്കാരെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി

Published : Oct 22, 2025, 07:53 PM IST
pinarayi vijayan

Synopsis

'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതികൾക്ക് പരിഹാരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരാതിക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചു. ചെത്തുതൊഴിലാളി പെൻഷനടക്കം വിഷയങ്ങളിൽ അതിവേഗ നടപടിയുണ്ടായി. 

'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി...' മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്‍ററിൽ നൽകിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി രാമൻകുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചത്. ചെത്തു തൊഴിലാളി പെൻഷൻ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമൻകുട്ടി സിറ്റിസൺ കണക്ട് സെന്‍ററിൽ വിളിച്ച് പരാതി നൽകിയത്. കുടിശിക തുക നവംബർ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കത്ത് രാമൻകുട്ടിക്ക് അയച്ചിരുന്നുവെന്നും കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമൻകുട്ടി പറഞ്ഞു. തുടർന്ന് തുക കിട്ടുമല്ലോയെന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് 'കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീയെന്ന്' മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്‍ററിലേക്ക് വന്ന പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങൾ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം കോളുകളിൽ പ്രകടമായി. പോത്തൻകോട് പി വി കോട്ടേജിലെ ശരണ്യയുമായാണ് മുഖ്യമന്ത്രി ആദ്യം സംസാരിച്ചത്. ശരണ്യയുടെ മകൾ ഇവാന സാറ റ്റിന്‍റോയെ അൺഎയ്ഡഡ് സ്‌കൂളിൽ നിന്നു മാറ്റി പോത്തൻകോട് ഗവൺമെന്റ് യുപിഎസിൽ ചേർത്തിരുന്നു. കുട്ടിയുടെ ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കാൻ കഴിയാത്തതിനാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ശരണ്യ സിഎം വിത്ത് മീയിൽ വിളിച്ച് പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച് ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സിഎം വിത്ത് മീ കണക്ട് സെന്‍റർ കണിയാപുരം എഇഒ യ്ക്ക് നിർദേശം നൽകി. അതിവേഗത്തിൽ നടപടിയായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു.

തൃശൂർ പുത്തൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് കൈനൂരിലെ കോക്കാത്ത് പ്രദേശത്ത് രണ്ട് ഉന്നതികളെ ബന്ധിപ്പിക്കുന്ന മൈത്രി റോഡിന്‍റെ കോൺക്രീറ്റ് വേഗത്തിൽ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കിയതിന്‍റെ നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണത്തിൽ കാലതാമസമുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയാണ് തൃശൂർ കൈനൂരിലെ മൈലപ്പൻ വീട്ടിലെ ഗോകുലൻ സിറ്റിസൺ കണക്ട് സെന്‍ററിൽ പരാതി വിളിച്ചറിയിച്ചത്. തുടർന്ന് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സിഎം വിത്ത് മീ സെന്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. നടപടി സ്വീകരിച്ചതിനുള്ള നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു.

'ബോട്ട് ഓടിത്തുടങ്ങിയില്ലേ'; വർഗീസിനെ വിളിച്ച് മുഖ്യമന്ത്രി

നിർത്തിവച്ചിരുന്ന നെടുമുടി-ചമ്പക്കുളം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴ ചമ്പക്കുളം വണ്ടകം വീട്ടിൽ വർഗീസ് സിഎം വിത്ത് മീയിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്. പരാതി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജലഗതാഗത വകുപ്പിന് നിർദ്ദേശം നൽകി. സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമായെന്നും ബോട്ട് ഓടിത്തുടങ്ങിയെന്നും നേരിട്ട് വിളിച്ച് അറിയിച്ചതിൽ സന്തോഷമുണ്ടെന്നും വർഗീസ് മുഖ്യമന്ത്രിയോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശബ്‍ദം കേൾക്കുമ്പോൾ തന്നെ ആശ്വാസവും സന്തോഷവുമാണെന്ന് തിരുവനന്തപുരം നാലാഞ്ചിറ മിഥുനത്തിലെ മാത്തുക്കുട്ടി പറഞ്ഞു. മാത്തുക്കുട്ടിയുടെ ഇരട്ടക്കുട്ടികളായ മക്കൾക്ക് ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയിൽ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം പരാതിയുമായി മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ചത്. പിഎസ്‍സി ഹൈസ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷയുടെ ഭാഗമായി സർട്ടിഫിക്കറ്റ് അടിയന്തരമായി അപ്ലോഡ് ചെയ്യേണ്ട ആവശ്യത്തിനായാണ് ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. മൂന്നുവില്ലേജ് ഓഫീസുകളിൽനിന്നുള്ള റിപ്പോർട്ട് ആവശ്യമായിരുന്നു. പരാതി വിളിച്ചറിയിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഉള്ളൂർ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും നേരിട്ടു വിളിച്ചതിൽ ഏറെ സന്തോഷമെന്നും മാത്തുക്കുട്ടി മുഖ്യമന്ത്രിയോട് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് സിഎം വിത്ത് മീയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്‍ററിലെത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. സെന്ററിലെ ജീവനക്കാരുമായി സംസാരിച്ചു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് സ്പെഷൽ സെക്രട്ടറി ഡോ. എസ് കാർത്തികേയൻ, ഡയറക്ടർ ടി വി സുഭാഷ് എന്നിവർ സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി