
തിരുവനന്തപുരം: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവാണ് ജമീലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവരെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് കാനത്തിൽ ജമീല നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്‍റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു- പിണറായി അനുസ്മരിച്ചു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കാനത്തിൽ ജമീല കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെ മരണപ്പെടുന്നത്.സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചു വന്നതോടെയാണ് കാനത്തില്‍ ജമീലയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ തുടങ്ങുന്നത്.
1995-ൽ തന്‍റെ29-ാം വയസ്സിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ കാനത്തിൽ ജമീല, 2005-ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി. 2010 മുതൽ 2020 വരെ നീണ്ട പത്തുവർഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജമീല കേരള അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലബാറിൽ നിന്ന് നിയമസഭയിലെത്തിയ രണ്ടാമത്തെ മുസ്ലിം വനിതയാണ് ജമീല.