
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ നിരവധി നേതാക്കൾ അനുശോചനമറിയിച്ചു. സിപിഎമ്മിന്റെ മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ മരണം. പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. നല്ല പെരുമാറ്റത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ആളാണ് കാനത്തിൽ ജമീല. പഞ്ചായത്ത് മെമ്പർ ആയി തുടങ്ങി എംഎൽഎ വരെ ആയി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം. കേരളത്തിന് അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തിൽ ജമീലയെന്നും പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്തരിച്ച കാനത്തിൽ ജമീലയുടേത് സൗമ്യതയോടെയുള്ള പെരുമാറ്റമായിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തിയിട്ടുണ്ടെന്നും ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ന്യുനപക്ഷ വിഭാഗത്തിൽ നിന്നും താഴെ തട്ടിൽ പാർട്ടി പ്രവർത്തനം നടത്തിവന്ന നേതാവാണ് കാനത്തിൽ ജമീലയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും എല്ലാ ബഹുമതികളോടും കൂടി ഖബറടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവസാനത്തെ നിയമ സഭയിൽ പോലും തനിക്കെതിരെ ശക്തമായ സംസാരിച്ച ആളാണ് കാനത്തിൽ ജമീലയെന്ന് കെ കെ രമ എംഎൽഎ. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹബന്ധം കാത്ത് സൂക്ഷിച്ചിരുന്നെന്നും തൻ്റെ വ്യക്തിപരമായ വേദനയിലും ഒപ്പം നിന്നിരുന്നയാളാണെന്നും കെ കെ രമ പറഞ്ഞു.