'ചില മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു, ആ വേല വേണോ'; വിമര്‍ശനവുമായി പിണറായി

Published : Dec 16, 2020, 06:58 PM IST
'ചില മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു, ആ വേല വേണോ'; വിമര്‍ശനവുമായി പിണറായി

Synopsis

അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി പറയും എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്, അന്ന് പറഞ്ഞത് പോലെ സംഭവിച്ചു. ജനങ്ങളെ ഒരിക്കലും ചുരുക്കി കാണരുതെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍  ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെയും ഇടതുപക്ഷ ജനാദിപത്യ മുന്നണിയേയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ചിലര്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കുകയാണ്. പച്ചക്കള്ളമാണെന്ന് ബോധ്യമുണ്ടായിട്ടും ചില മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യം നല്‍കി എല്‍ഡിഎഫിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്. ആ വേല വേണോ, തങ്ങള്‍ക്ക് കൂടി ബോധ്യമുള്ളത് ചെയ്താല്‍ പോരെ എന്ന് അത്തരക്കാര്‍ ആലോചിക്കുന്നത് നല്ലതാണ്.  അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി പറയും എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്, അന്ന് പറഞ്ഞത് പോലെ സംഭവിച്ചു. ജനങ്ങളെ ഒരിക്കലും ചുരുക്കി കാണരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

നാടിനെ പിന്നോട്ടടിപ്പിക്കാനും, തെറ്റായ പ്രചരണം നടത്താനും തയ്യാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്‍റെ മനസ് സഞ്ചരിക്കുന്നത്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍‌ പ്രചരിപ്പിക്കാനും അതിലൂടെ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ത്ത് കളയാനും ചില മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. വികലമായ ചില മനസുകള്‍ ചില അസംബന്ധങ്ങള്‍ വിളിച്ച് പറഞ്ഞെന്ന് വരും. അതിന് വലിയ പ്രാധാന്യം കൊടുത്ത് വലിയ കാര്യം വന്നിരിക്കുന്നു എന്ന മട്ടില്‍ വാര്‍ത്ത ചമച്ച് ചില  മാധ്യമങ്ങള്‍ തരം താണ രീതി പിന്തുടര്‍ന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി.

ജനങ്ങളെ പരമാവധി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ജനം തയ്യാറായില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കണ്ടത്. കഴിഞ്ഞ നാലര വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും, ജനക്ഷേമ പരിപാടികള്‍ക്കും ജനം വലിയ പിന്തുണ നല്‍കി. ആ പിന്തുണയുടെ തുടര്‍ച്ചയാണ് ഈ വിജയം. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അതിന് തുടര്‍ച്ചയുണ്ടാകണമെന്നും ജനം ആഗ്രഹിക്കുന്നു. 

വലിയ അപവാദ പ്രചാരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും നടന്നത്.. കേന്ദ്ര ഏജന്‍സികളെ വരെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ നീക്കം നടത്തി. അതിന് വലത് പക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ ജനഹിതത്തെ അട്ടിമറിക്കാനാകും എന്നാണ്  വിചാരിച്ചത്. എന്നാല്‍ കേരളത്തിലെ ജനം പ്രത്യേക സംസ്കാരം ഉള്ളവരും ശരിയായ രീതിയില്‍ കാര്യങ്ങളെ മനസിലാക്കാനുള്ള വിവേചന ബുദ്ധിയുള്ളവരുമാണ്. അതുകൊണ്ടാണ് ജനം എല്‍ഡിഎഫിന് വന്‍ പിന്തുണ നല്‍കിയതെന്ന് പിണറായി പറഞ്ഞു. 

ഇപ്പോഴെങ്കിലും തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ പുനരാലോചന നടത്തി ശരിയായ രീതി പിന്തുടരണം.  നാടിന്‍റെ അഭിവൃത്തിക്ക് ഉതകുന്ന തീരുമാനം എടുക്കണം പിണറായി. ഇതിന്‍റെ അര്‍ത്ഥം എല്‍ഡിഫിനെ എല്ലാവരും പിന്താങ്ങണം എന്നല്ല. സര്‍ക്കാരിനെതിരെ ആരോഗ്യകരമായ വിമര്‍ശനം സ്വാഭാവികമായി സ്വാഗതം ചെയ്യുന്നു. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍, പിഴവുണ്ടെങ്കില്‍ അത് തിരുത്തി പോകാന്‍ സര്‍ക്കാരിന് സഹായകരമാകും. ദുഃസ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ തീരുമാനമെടുത്ത വോട്ടന്മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി