'ഹല്ലാ ബോൽ', കാണാനെത്തിയ ഐഷിക്ക് മുഖ്യമന്ത്രി പിണറായി കരുതിവച്ച സമ്മാനം

By Web TeamFirst Published Jan 11, 2020, 2:51 PM IST
Highlights

പിണറായി വിജയൻ സമ്മാനിച്ചത് രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ചുള്ള പുസ്തകം. ഹല്ലാ ബോൽ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് സുധാൻവാ ദേശ്പാണ്ഡെ ആണ്.

തിരുവനന്തപുരം: ദില്ലി കേരളാഹൗസിൽ സന്ദർശിക്കാനെത്തിയ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചത് രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ചുള്ള പുസ്തകം. ഹല്ലാ ബോൽ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് സുധാൻവാ ദേശ്പാണ്ഡെ ആണ്. ഐഷിയ്ക്കൊപ്പം മറ്റ് വിദ്യാർത്ഥികളുമുണ്ടായിരുന്നു. ഐഷിക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അതിനൊപ്പം ചേർത്തിരിക്കുന്ന കുറിപ്പ് ഇപ്രകാരമാണ്. ''വിട്ടുവീഴ്ചയില്ലാത്ത പോരാട്ട വീറാണ് ക്യാമ്പസ് കാഴ്ച വച്ചത്. JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും SFI നേതാവുമായ ഒയ്‌ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ "ഹല്ലാ ബോൽ" എന്ന പുസ്തകം ഐഷിക്കു നൽകി.'' ജെഎൻയു വിദ്യാർത്ഥികളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാ വിധ ആശംസകളും നേർന്നു കൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

Latest Videos

ഐഷി ഘോഷിന്റെ തലയ്ക്കാണ് അക്രമത്തിൽ പരിക്കേറ്റത്. സമാന രീതിയിൽ ​ഗുണ്ടാ ആക്രമണം നേരിട്ട് രക്തസാക്ഷിത്വം വരിച്ച വ്യക്തിയാണ് സഫ്ദർ ഹാഷ്മി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുർ എന്ന സ്ഥലത്ത് വെച്ച്, 1989 ജനുവരി ഒന്നിന് “ഹല്ലാ ബോൽ” എന്ന തെരുവു നാടകം കളിക്കവേ, കോൺഗ്രസ്സ് പ്രവർത്തകരായ മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി 1989 ജനുവരി 2-ന്‌ രാത്രി മരണമടഞ്ഞു. സഫ്‌ദർ ഹാഷ്മിക്കൊപ്പം റാം ബഹാദൂർ എന്നൊരു തൊഴിലാളിയും ഈ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സഫ്‍ദറിന്റെ മരണത്തിനു കാരണമായത് ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിലുണ്ടായ അനവധി പൊട്ടലുകളും അവയെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ പ്രതിരോധത്തെ തീർത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും SFI നേതാവുമായ ഒയ്‌ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ "ഹല്ലാ ബോൽ" എന്ന പുസ്തകം ഒയ്ഷിക്കുനൽകി. ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.


 

click me!