വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Sep 3, 2020, 7:02 PM IST
Highlights

അടൂര്‍ പ്രകാശിനെതിരെയുള്ള ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സി അന്വേഷിക്കും.
 

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. അവര്‍ അന്വേഷിച്ച് ആരൊക്കെയാണ് കുറ്റവാളികളെന്ന് കണ്ടത്തെട്ടെ. അവര്‍ അതിനനുസരിച്ച് നടപടിയുമെടുക്കും. കൊലചെയ്യപ്പെട്ടവര്‍ക്കെതിരെയുള്ള പ്രചാരണം കൊണ്ട് അവര്‍ കുറ്റവാളികളായി മാറില്ല. യഥാര്‍ത്ഥത്തില്‍ കൊലപാതകത്തെ നാട് അപലപിക്കുന്ന നിലയാണ് എടുത്തിട്ടുള്ളത്.

നമ്മുടെ നാട്ടില്‍ സമാധാനത്തിന് ഭംഗം വരുക എന്ന ഉദ്ദേശത്തോടെയാണ് ഇരട്ടക്കൊലപാതകം നടന്നിട്ടുള്ളത്. അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ ആക്ഷേപമൊന്നും വന്നിട്ടില്ല. ഞാനിപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളിലേക്ക് പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അടൂര്‍ പ്രകാശിനെതിരെയുള്ള ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സി അന്വേഷിക്കും. ആര്‍ക്കെതിരെ എന്നതല്ല വിഷയം. മാധ്യമങ്ങളില്‍ ചില വിവരങ്ങള്‍ വന്നിട്ടുണ്ട്. പൊലീസിനും ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ അന്വേഷിക്കട്ടെ.

ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കേണ്ടതില്ല. അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ ഫലപ്രദമായ നടപടിയെടുക്കും. കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തി തന്നെ വിശദീകരണം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!