
തിരുവനന്തപുരം: പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ (anthropologist)ഫിലിപ്പോ ഒസെല്ലയെ (filippo osella )കേരളത്തിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച (deport)സംഭവം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ശാസ്ത്രജ്ഞനെ തിരിചയച്ചത് ദുഃഖകരമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24ാം തിയതി പുലർച്ചെയാണ് ഫിലിപ്പോ ഒസല്ലേയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡിപ്പോർട്ട് ചെയ്തത്.
റിസർച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം വന്നത്. എന്നാൽ യാതൊരു കാരണവും വിശദീകരിക്കാതെയാണ് ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരിൽ ഒരാളായ ജെ ദേവിക വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നും എഫ് ആർ ആർ ഒ അധികൃതർ നിലപാടെടുത്തു.
എമിറേറ്റ്സ് വിമാനത്തിൽ 24ന് പുലർച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. 65 വയസുകാരനാണ് ഫിലിപ്പോ. പുറത്ത് കാത്ത് നിന്ന സംഘാടകരെ കാണും മുൻപ് തന്നെ ഇദ്ദേഹത്തെ ഫ്ലൈറ്റ് അറ്റന്റർമാർ തിരിച്ചുവിളിച്ചു. പിന്നീട് പാസ്പോർട്ടും കൈ രേഖകളും പരിശോധിച്ചു. ഇതിന് ശേഷം ഇന്ത്യയിലേക്ക് കടക്കാനാവില്ലെന്നും തിരികെ പോകണമെന്നും ഇദ്ദേഹത്തോട് വിമാനത്താവള അധികൃതർ അറിയിക്കുകയായിരുന്നു.
ഗോവ വഴി ദുബൈയിലേക്കുള്ള വിമാനത്തിൽ അപ്പോഴേക്കും ടിക്കറ്റും ശരിയാക്കിയിരുന്നുവെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്. ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനമാണെന്നായിരുന്നു ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറിയിച്ചത്. തിരുവനന്തപുരത്തെ പരിപാടിയുടെ മുഖം തന്നെയായിരുന്നു ഒസെല്ല. പരിപാടിക്കോ സംഘാടകർക്കോ പ്രത്യക്ഷ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടായിരുന്നില്ല. കുസാറ്റ്, സിഡിഎസ് തിരുവനന്തപുരം, കേരള സർവകലാശാല, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇക്കണോമിക്സ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സംഘാടകർ