
ദില്ലി: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. വിവിധ ദേശീയ പാത പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കുന്നതടക്കം നിർണായക തീരുമാനങ്ങൾ കൂടിക്കാഴ്ചയിലെടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ കേരളത്തിന്റെ റോഡ്-ഗതാഗത മേഖലയുടെ വികസനം വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. എൻഎച്ച് 966 കോഴിക്കോട്–പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് ഉറപ്പ് ലഭിച്ചെന്നും പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി.
വെസ്റ്റേൺ എറണാകുളം ബൈപ്പാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപ്പാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ കേരളത്തിലെ മറ്റ് റോപ്പ് വേ പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam