ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. വെർച്ച്വൽ ക്യൂ വഴി ഭക്തർക്ക് ദർശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. കൂടാതെ പമ്പാനദിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പത്തനംതിട്ട: ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. വെർച്ച്വൽ ക്യൂവിന്‍റെ പരിധി കവിഞ്ഞു എന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പ ദർശനം നിഷേധിക്കപ്പെടുന്നത് ശരിയല്ല. വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ ആവുന്നില്ല എന്ന പരാതി ഭക്തർക്ക് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ശബരിമല കയറിയത് 39,114 തീർത്ഥാടകർ.

ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങൾക്ക് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എ ഡി എം ദിലീപ് കെ കൈനിക്കര പറഞ്ഞു. പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് എ ഡി എം പറഞ്ഞു.

ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേട്ട്ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസം മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരേയും സന്നിധാനവും പരിസരവും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന വിശുദ്ധി സേനയേയും എ ഡി എം അഭിനന്ദിച്ചു.