
ദില്ലി: മണ്ഡല പുനർ നിർണ്ണയത്തിന് എതിരല്ല താനെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പക്ഷേ എന്തുകൊണ്ട് സീറ്റുകളുടെ എണ്ണത്തിൽ വർദ്ദനവ് വരുത്തുന്നു. അതിൽ തന്നെ ചില സംസ്ഥാനങ്ങളോട് എന്തിനാണ് വിവേചനം കാണിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ സീറ്റ് എണ്ണത്തിൽ വർദ്ദനവ് വരുത്തുന്നു. ആ രീതി ശരിയല്ല. സീറ്റ് വർദ്ധനവിനെയാണ് ഞങ്ങൾ എതിർക്കുന്നത്. മണ്ഡല പുനർ നിർണ്ണയത്തിനെ അല്ലെന്നും വിഡി സതീശൻ പറഞ്ഞു. ദില്ലിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ.
ബിജെപിയുടെ വർഗ്ഗീയതക്കെതിരെ പോരാടാൻ സാധിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ് ആണ്. കോൺഗ്രസ് ഒരു മതേതര പാർട്ടിയാണ്. അതിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. എല്ലാവരെയും സംരക്ഷിക്കണം ഭരണഘടനയും അതാണ് പറഞ്ഞിരിക്കുന്നത്. റയാൻവാദ്രയുടെ ചിത്രപ്രദർശന വിവാദം- ആവിഷ്കാര സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശം ഉണ്ട്. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യുഡിഎഫ് സർക്കാരിന് പാർട്ടിക്കുള്ളിൽ നിന്നോ മുന്നണിക്കുള്ളിൽ നിന്നോ യാതൊരു സമ്മർദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരം വാർത്തകൾ എല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് തനിക്കുമേൽ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ല. മുസ്ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ പിടിച്ചെടുക്കും. 1940-കളിലെ മുസ്ലിം ലീഗല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയായി പ്രവർത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്നും ഇപ്പോഴും അത് തുടരുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും വിഡി സതീശൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ ഇപ്പോൾ എല്ലാം തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്. ആർക്കും ആരെ വേണമെങ്കിലും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോയാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സ്വയം ബോധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മാനുഷികമായ തെറ്റുകൾ എല്ലാവർക്കുമുള്ളതുപോലെ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നയപരമായ വിഷയങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യുമെങ്കിലും ദൈനംദിന ഭരണകാര്യങ്ങളിൽ അതിന് സാധിക്കില്ല. മന്ത്രിസഭയ്ക്കകത്ത് തന്നെ മുതിർന്ന നേതാക്കൾ ഉള്ളതിനാൽ ഭരണപരമായ തീരുമാനങ്ങളെല്ലാം നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിച്ച ശേഷമാണ് എടുക്കുന്നത്. കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും ഭരണവിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ചു നീങ്ങുമെന്നും ബിജെപിയെ പ്രത്യയശാസ്ത്രപരമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam