' ഉപതിരഞ്ഞെടുപ്പ് വേണ്ട'; ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു, പകര്‍പ്പ് പുറത്ത്

By Web TeamFirst Published Sep 10, 2020, 4:09 PM IST
Highlights

നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനും. ഉപതിരഞ്ഞെടുപ്പിനെതിരായ നിലപാട് ബിജെപിയും  പ്രഖ്യാപിച്ചിരുന്നു. 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. ആഗസ്റ്റ് 21 നാണ് ചീഫ് സെക്രട്ടറി കത്ത് അയച്ചത്.  കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക ദുഷ്‍കരമെന്നാണ് വിശ്വാസ് മേത്ത കത്തില്‍ സൂചിപ്പിക്കുന്നത്.

നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനും. ഉപതിരഞ്ഞെടുപ്പിനെതിരായ നിലപാട് ബിജെപിയും  പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ യുഡിഎഫിന്‍റെ പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ ദിവസം വിളിക്കുകയും ചെയ്തു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് മാത്രമായി മാറ്റിവയ്ക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് യുഡിഎഫ് നിലപാട്.

കൊവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്നും അങ്ങനെയെങ്കില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചത്.  നിര്‍ദേശം ചര്‍ച്ച ചെയ്ത സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ്  നീക്കം. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തിരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി ഘടകകക്ഷികളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.


 

click me!