കുട്ടിക്കടത്ത്; പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് സിഡബ്ല്യുസി

By Web TeamFirst Published Jul 28, 2022, 12:52 PM IST
Highlights

ട്രസ്റ്റിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടതായി കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി

കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് കുട്ടികളെ അനധികൃതമായി എത്തിച്ച പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ചെയർമാൻ അബ്ദുൾ നാസർ. കുട്ടികളെ എന്തിന് എത്തിച്ചു എന്നതിൽ ദുരൂഹതയുണ്ട്. കുട്ടികളെ കൊണ്ട് വരുമ്പോൾ പാലിക്കേണ്ട ഒരു നിബന്ധനയും കരുണ ചാരിറ്റബിൾ ട്രസ്റ്റ് പാലിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. ട്രസ്റ്റിനെതിരെ അന്വേഷണം നടത്താൻ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നി‍ർദേശം നൽകിയതായും അബ്ദുൾ നാസർ കോഴിക്കോട് പറഞ്ഞു.

വിശദീകരണവുമായി കരുണ ചാരിറ്റബിൾ ട്രസ്റ്റ്

രാജസ്ഥാനിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നത് ഹോസ്പിറ്റലിൽ താമസിപ്പിച്ച് പഠിപ്പിക്കാനാണെന്ന് ട്രസ്റ്റ് അംഗം ഷെൽബി പറഞ്ഞു. മുമ്പ് ഇവിടെ പഠിച്ച കുട്ടികളാണ് രാജസ്ഥാനിൽ നിന്ന് കൂടുതൽ കുട്ടികളെ എത്തിച്ചത്.  2017 വരെ ചിൽഡ്രൻസ് ഹോം നടത്താൻ അനുമതി ഉണ്ടായിരുന്നു. വീണ്ടും അനുമതിക്കായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്ന് ട്രസ്റ്റ് അംഗം ഷെൽബി വ്യക്തമാക്കി. ഹോസ്റ്റലിൽ കുട്ടികളെ താമസിപ്പിക്കുന്നതിന് എതിർപ്പ് ഇല്ലെന്ന് പഞ്ചായത്ത്‌ അറിയിച്ചിരുന്നുവെന്നും ഷെൽബി പറഞ്ഞു. 

നിഷേധിച്ച് രായമംഗലം പഞ്ചായത്ത്

അതേസമയം, കരുണ ചാരിറ്റബിൾ ട്രസ്റ്റിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇടയ്ക്ക് പ്രവർത്തനം നിർത്തിയ കരുണ ചാരിറ്റബിൾ ട്രസ്റ്റ് വീണ്ടും ലൈസൻസിന് അപേക്ഷിച്ചിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അജയകുമാർ ആവശ്യപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട്  (CWC) അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട്ടെ കുട്ടിക്കടത്ത്: പെരുമ്പാവൂരിൽ പാസ്റ്റർ അറസ്റ്റിൽ

മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ്  ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റ‍ർ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. 

click me!