Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ കുട്ടിക്കടത്ത്: പെരുമ്പാവൂരിൽ പാസ്റ്റർ അറസ്റ്റിൽ

രാജസ്ഥാനിൽ നിന്ന് അനധികൃതമായി കുട്ടികളെ എത്തിച്ചത് പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ്; ഡയറക്ടർ ആണ് അറസ്റ്റിലായത്

Child trafficking in Kozhikode; Priest arrested in Perumbavoor
Author
Kozhikode, First Published Jul 28, 2022, 10:50 AM IST

കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ്  ഡയറക്ടർ അറസ്റ്റിൽ. പാസ്റ്റർ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. 

മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി. 

 

Follow Us:
Download App:
  • android
  • ios