വിവാദമായി ശിശുക്ഷേമസമിതിയിലെ ലീഗൽ കൺസൽട്ടന്റ് നിയമനം; അഭിമുഖത്തിൽ ക്രമക്കേടെന്ന് ആക്ഷേപം

By Web TeamFirst Published Oct 25, 2020, 7:57 AM IST
Highlights

ശിശുക്ഷേമസമിതിയുടെ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിമുഖപരീക്ഷയിൽ നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് പാർട്ടിയുമായി ബന്ധമുള്ള നിരവധി പേർ സിപിഎം ജില്ലാ സെക്രട്ടറിയേയും സമീപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ലീഗൽ കൺസൽട്ടന്‍റ് നിയമനത്തിൽ ക്രമക്കേടെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. സിപിഎം ഭരിക്കുന്ന ഭരണസമിതിക്കെതിരെ പാർട്ടി അനുഭാവികൾ തന്നെയാണ് ആക്ഷേപം ഉന്നയിക്കുന്നത്.

കഴിഞ്ഞ മാസം എട്ടിനായിരുന്നു അഭിമുഖപരീക്ഷ. അടുത്ത ദിവസം തന്നെ അഡ്വക്കേറ്റ് വി വി രതീഷിനെ ലീഗൽ കൺസൾട്ടൻ്റായി നിയമിച്ചു. രതീഷ് സിപിഎമ്മുമായി ബന്ധമുള്ളയാളാണ്. അപേക്ഷിച്ച മുഴുവൻ പേരെയും അഭിമുഖത്തിന് വിളിച്ചില്ല, അഭിമുഖത്തിൽ ക്രമക്കേട് നടത്തി എന്നൊക്കെയാണ് നിയമനത്തിനെതിരെ ഉയർന്ന പരാതികൾ. ഉന്നതവിദ്യാഭ്യാസവകുപ്പ് അച്ചടക്കനടപടി ശുപാർശ ചെയ്ത ആളാണ് അഭിമുഖം നടത്തിയതെന്ന ആക്ഷേപമുണ്ട്. 

സിപിഎം അനുകൂല സംഘടനയായ ആൾ ഇന്ത്യ ലോയേഴ്സ് യുണിയൻ ജില്ലാ കമ്മിറ്റി അംഗമായ ആദർശ് കരകുളമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ശിശുക്ഷേമസമിതിയുടെ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിമുഖപരീക്ഷയിൽ നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് പാർട്ടിയുമായി ബന്ധമുള്ള നിരവധി പേർ സിപിഎം ജില്ലാ സെക്രട്ടറിയേയും സമീപിച്ചിട്ടുണ്ട്.

എന്നാൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നടത്തിയ നിയമനം മാനദണ്ഡം അനുസരിച്ചാണെന്നാണ് ശിശുക്ഷേമസമിതിയുടെ വിശദീകരണം. പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ വിശദീകരിച്ചു. നിയമനം കിട്ടിയവരും നടത്തിയവരും പരാതിക്കാരും സിപിഎമ്മായതിനാൽ പാർട്ടിയിൽ ഇത് വലിയ ചർച്ചയായിക്കഴിഞ്ഞു.

click me!