
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു. കവിത (18), സാധന (19) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കവിതയ്ക്ക് ജീവൻ നഷ്ടമായി. സാധന ആശുപത്രിയിൽ ചികിത്സയിലാണ്. ചെറുപ്പം മുതൽ ഒരുമിച്ച് വളരുകയും പത്താം ക്ലാസ് വരെ ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്തവരാണ് കവിതയും സാധനയും. സാധനയുടെ ഇഷ്ടത്തിന് വിരുദ്ധമായി രണ്ട് മാസം മുൻപാണ് അവരുടെ വിവാഹം നടന്നത്. ഭർത്താവിനെ ഇഷ്ടപ്പെടാത്തതിനാൽ കഴിഞ്ഞ ഒരു മാസമായി സാധന സ്വന്തം വീട്ടിലായിരുന്നു താമസം. അതേസമയം, കവിത പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ കുടുംബാംഗങ്ങൾ സമ്മതിച്ചിരുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്പരം പങ്കുവെച്ച ശേഷം, വെള്ളിയാഴ്ച ഇരുവരും സാധനയുടെ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം സാധനയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കവിതയുടെ കുടുംബത്തെ വിവരമറിയിക്കുകയും പോലീസിന്‍റെ സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കവിതയുടെ നില ഗുരുതരമായതിനെ തുടർന്ന് വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി മരിച്ചു. സാധനയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നു.
സാധനയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതായും കവിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സർക്കിൾ ഓഫീസർ സുമിത് ത്രിപാഠി അറിയിച്ചു. പോലീസ് കേസിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam