നിലവിൽ ജനശതാബ്ദിയിലുള്ള നോൺ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. 90 ഡിഗ്രിയിലുള്ള സീറ്റുകൾ ദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു യാത്രക്കാരുടെ പരാതി. ഇത്തരം സീറ്റുകളിൽ ഏറെസമയം ഇരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും മൂന്ന് പേർക്കിരിക്കാൻ പരിമിതികളുണ്ടെന്നും പരാതികളുയർന്നിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസുകളിലെ നോൺ എസി ചെയർകാർ കോച്ചുകളിൽ പുഷ് ബാക്ക് സീറ്റ് തിരിച്ചെത്തുന്നു. ജനശതാബ്ദി എക്സ്പ്രസുകളിലേക്കുള്ള പുതിയ നോൺ എസി ചെയർകാർ കോച്ചുകളുടെ ചിത്രങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ വൈകാതെ തന്നെ പുതിയ കോച്ചുകളുമായി സർവീസ് ആരംഭിക്കും.
നിലവിൽ ജനശതാബ്ദിയിലുള്ള നോൺ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. 90 ഡിഗ്രിയിലുള്ള സീറ്റുകൾ ദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു യാത്രക്കാരുടെ പരാതി. ഇത്തരം സീറ്റുകളിൽ ഏറെസമയം ഇരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും മൂന്ന് പേർക്കിരിക്കാൻ പരിമിതികളുണ്ടെന്നും പരാതികളുയർന്നിരുന്നു.
ജനശതാബ്ദി എക്സ്പ്രസുകൾ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറിയതോടെയാണ് നോൺ എസി കോച്ചുകളിലെ സീറ്റുകളും മാറിയത്. പഴയ ഐസിഎഫ് കോച്ചിൽ പുഷ്ബാക്ക് സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, എൽഎച്ച്ബിയിലേക്ക് മാറിയതോടെ ജനശതാബ്ദിയിലെ സീറ്റുകൾ മെമു ട്രെയിനുകളിലെ സീറ്റുകൾക്ക് സമാനമായി. എസി കോച്ചിൽ മാത്രമാണ് പുഷ്ബാക്ക് സീറ്റുകളുണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് മാറിയപ്പോൾ സീറ്റുകളെക്കുറിച്ച് യാത്രക്കാരിൽനിന്ന് റെയിൽവേയ്ക്ക് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. അടുത്ത അപ്ഗ്രേഡിൽ ഇതിന് പരിഹാരം കാണുമെന്നായിരുന്നു റെയിൽവേയുടെ മറുപടി. ഇതിനൊടുവിലാണ് ജനശതാബ്ദി എക്സ്പ്രസിൽ അപ്ഗ്രേഡ് വരുന്നതായും പുതിയ നോൺ എസി കോച്ചുകളുമായി ഉടൻ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചിരിക്കുന്നത്.