
കൊല്ലം: കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നതും. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.
ഈ മാസം 24നാണ് സംഭവം നടക്കുന്നത്. കൊല്ലം കരൂർ കൽക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇപ്പോൾ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.