ചിന്നക്കനാലിലെ വ്യജപട്ടയം ; ഭൂമിയുടെ തണ്ടപ്പേര്‍ അവകാശം റവന്യൂവകുപ്പ് റദ്ദ് ചെയ്തു

By Web TeamFirst Published Oct 10, 2020, 2:45 PM IST
Highlights

ചിന്നക്കനാലിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായിട്ടാണ് റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളുക്കുന്നേല്‍ ജിമ്മി സ്‌കറിയ വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയുടെ തണ്ടപ്പേര്‍ അവകാശമാണ് ദേവികുളം ആര്‍ഡിഒ റദ്ദാക്കിയത്. 

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വെള്ളുക്കുന്നേല്‍ കുടുംബം വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമിയുടെ തണ്ടപ്പേര്‍ അവകാശം റവന്യൂവകുപ്പ് റദ്ദ് ചെയ്തു. ചിന്നക്കനാലില്‍ ജിമ്മി സ്‌കറിയയുടെ പേരിലുള്ള കാലിപ്‌സോ ക്യാമ്പ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വ്യാജ രേഖ നിര്‍മ്മിച്ച് പട്ടയമുണ്ടാക്കി വെള്ളുക്കുന്നേല്‍ കുടുംബം കൈവശപ്പെടുത്തിയത്. സര്‍വ്വേ ഉദ്യോഗസ്ഥരടക്കം ഭൂമി കൈവശപ്പെടുത്താന്‍ ഒത്താശ ചെയ്തതായും കണ്ടെത്തിയിരുന്നു. ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്ത താലൂക്ക് സര്‍വ്വേയര്‍ എം എസ് അനൂപിനെതിരേ അന്വേഷണം നടത്താനും നിര്‍ദ്ദേശം. അതോടാപ്പം വ്യാജ പട്ടയത്തില്‍ തട്ടിയെടുത്ത ഭൂമി അളന്ന് സര്‍ക്കാറിലേക്ക് കണ്ട് കെട്ടാനും നിര്‍ദ്ദേശമുണ്ട്. 

ചിന്നക്കനാലിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായിട്ടാണ് റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളുക്കുന്നേല്‍ ജിമ്മി സ്‌കറിയ വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയുടെ തണ്ടപ്പേര്‍ അവകാശമാണ് ദേവികുളം ആര്‍ഡിഒ റദ്ദാക്കിയത്. തിങ്കളാഴ്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സൂചന. സര്‍വ്വേ നമ്പര്‍ 20/1  -ല്‍ പ്പെട്ട 01.5945 ഹെക്ടര്‍, സര്‍വ്വേ നമ്പര്‍ 509 -ല്‍ ഉള്‍പ്പെട്ട 0.4856 ഹെക്ടര്‍, 34/1 -ല്‍ പ്പെട്ട  01.5700 ഹെക്ടര്‍ അടക്കം 03.6501 ഹെക്ടര്‍ സ്ഥലമാണ് ഇയാള്‍ അനധികൃതമായി കൈവശപ്പെടുത്തിയത്. 

പ്രത്യേക സര്‍വ്വേ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പട്ടയം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് റവന്യൂ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയും നിര്‍മ്മാണങ്ങളും ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. 

ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനൊപ്പം കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത താലൂക്ക് സര്‍വ്വേയര്‍ എം എസ് അനൂപിനെതിരേ അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. പ്രത്യേക നിര്‍ദ്ദേശമോ ഉത്തരവുകളോ ഇല്ലാതെയാണ് കൈയ്യേറ്റ ഭൂമിയുടെ സ്‌കെച്ച് തയ്യാറാക്കി നല്‍കിയതെന്ന് കണ്ടെത്തിയതായും സബ് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കുന്നതിനും അന്വേഷണം നടത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശം.

click me!