ജനീഷിന്‍റെ പരിഹാസത്തിന് ചിന്തയുടെ മറുപടി; 'യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മന്ത്രിയായത് സ്വാഗതാർഹം, വയനാട് ഫണ്ട് പോലെ ഖജനാവ് മുക്കരുത്'

Published : Aug 24, 2026, 06:50 PM IST
chintha jerome

Synopsis

യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്റെ പരിഹാസത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. ഖജനാവ് കൊള്ളയടിക്കരുതെന്നും മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത മുന്നറിയിപ്പ് നൽകി. സ്ത്രീവിരുദ്ധ മുദ്രാവാക്യം തടഞ്ഞതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അവർ കൂട്ടിച്ചേർത്തു.

കൊല്ലം: യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്‍റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമാകുന്നത് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളെയും മുൻകാല സംഭവങ്ങളെയും പരാമർശിച്ച് കടുത്ത മുന്നറിയിപ്പും വിമർശനവുമാണ് അവർ ഉന്നയിക്കുന്നത്.

വയനാട് ദുരിതാശ്വാസത്തിനായി പാവപ്പെട്ട ജനങ്ങളിൽ നിന്ന് ശേഖരിച്ച ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ സംസ്ഥാന ഖജനാവ് മുക്കരുതെന്ന് ചിന്താ ജെറോം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, യൂത്ത് കോൺഗ്രസിന്റെ മുൻഗാമിയെ വിവിധ കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണമെന്നും ചിന്തയുടെ കുറിപ്പിൽ പറയുന്നു. ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ മുന്നിൽ നിർത്തി നാട്ടിലെ സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കുന്ന നിലപാട് ഒരു മന്ത്രി എന്ന നിലയിൽ സ്വീകരിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.

പോസ്റ്റിന്റെ അവസാനം രാഷ്ട്രീയ നിലപാടും ചിന്ത വ്യക്തമാക്കുന്നുണ്ട്. ഒരു പ്രതിഷേധ പ്രകടനത്തിനിടെ പുറകിൽ നിന്ന് ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാക്കി, അത് ഏറ്റുവിളിക്കാതെ തടയാനും ഇനി ആവർത്തിക്കരുതെന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് അവർ കൂട്ടിച്ചേർത്തു.

നേരത്തെ, വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് ജെനീഷ് പറഞ്ഞിരുന്നു. ഡിവൈഎഫ്ഐ വനിതാ അധ്യക്ഷ സ്ഥാനത്തേക്ക് ചിന്ത ജെറോം തെരഞ്ഞെടുക്കപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നുള്ള ജനീഷിന്‍റെ വാക്കുകൾക്കാണ് ചിന്ത മറുപടി കൊടുത്തിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരക്കുള്ള ബസ്സിൽ യാത്ര ചെയ്ത് സ്വർണമാല മോഷണം; പ്രതി നാല് മാസത്തിനു ശേഷം പിടിയിൽ
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡോക്ടർമാർ, ജീവനക്കാരില്ലെന്ന് പരാതി