ആരോപണവിധേയരായ കമ്പനികള്‍ക്കുതന്നെ ബ്രൂവറി, ഡിസ്റ്റിലറി ലൈസന്‍സ്; മുഖ്യമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല

Published : Jul 23, 2022, 10:16 PM IST
ആരോപണവിധേയരായ കമ്പനികള്‍ക്കുതന്നെ ബ്രൂവറി, ഡിസ്റ്റിലറി ലൈസന്‍സ്; മുഖ്യമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല

Synopsis

കേരളത്തിലെ നിലവിലുള്ള ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനവും ഉല്‍പാദനവും പൂര്‍ണ്ണതോതിലാക്കിയാല്‍ത്തന്നെ അന്യസംസ്ഥാന മദ്യക്കമ്പനികളെയും ലോബികളെയും ആശ്രയിക്കാതെതന്നെ കേരളത്തിനാവശ്യമായ മദ്യം  ലഭ്യമാക്കാനാകുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍  പിന്മാറണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറി - ഡിസ്റ്റിലറി വിവാദത്തില്‍പ്പെട്ട കമ്പനികള്‍ക്ക് വീണ്ടും മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നതായുള്ള പത്രവാര്‍ത്തകള്‍ പുറത്തുവന്നിരിക്കയാണ്.  

സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥ-ഭരണസംവിധാനവും പ്രതിപക്ഷപ്പാര്‍ട്ടികളും 2018ലെ മഹാപ്രളത്തിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവസരത്തിലാണ് ആരെയും അറിയിക്കാതെ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചത്. ബ്രൂവറി/ ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി സംസ്ഥാനം ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നടപടിക്രമങ്ങള്‍ക്ക് കടകവിരുദ്ധമായും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തന്നെ മദ്യനയം അട്ടിമറിച്ചുമാണ് ഇത്തരമൊരു നടപടി അന്ന് സര്‍ക്കാര്‍ കൈക്കൊണ്ടത്.

തിരിച്ചു വരവിന് വഴി തേടി കോണ്‍ഗ്രസ്, ചിന്തൻ ശിബിരിന് കോഴിക്കോട് തുടക്കം, മുല്ലപ്പള്ളിയും സുധീരനുമില്ല

എന്നാല്‍, പ്രതിപക്ഷം ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രസ്തുത തീരുമാനം റദ്ദാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് താന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസിന്റെ നടപടികള്‍ ഇപ്പോഴും തുടര്‍ന്നുവരികയാണ്. പ്രസ്തുത ക്രമക്കേടിന് ആധാരമായ ഫയലുകളും, കുറിപ്പുകളും ലഭ്യമാക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും സംഭവിച്ചു എന്നതിന്റെ തെളിവാണ്. ഇതിനിടയിലാണ് അന്ന് ആരോപണവിധേയരായ കമ്പനികള്‍ക്കുതന്നെ ഇപ്പോള്‍ വീണ്ടും ബ്രൂവറി/ഡിസ്റ്റിലറി ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നീക്കം തുടങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അന്ന് ഉയര്‍ന്നിരുന്ന ആരോപണങ്ങളുടെ വെളിച്ചത്തില്‍ കേരളത്തില്‍ നടക്കുന്ന മദ്യത്തിന്റെ ഉല്‍പാദനം, വിതരണം, അന്യസംസ്ഥാനകമ്പനികളിൽനിന്നുള്ള മദ്യത്തിന്റെ  സമാഹരണം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യമായ നയങ്ങളും മാര്‍ഗ്ഗരീതിയും രൂപപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം പലതവണ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സംസ്ഥാനത്ത് നിലവിലുള്ള ഡിസ്റ്റിലറി, ബ്രൂവറികളുടെ ഉല്‍പാദനക്ഷമത, ഉല്‍പാദനത്തിന്റെ തോത് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയും , വ്യക്തമായ മാനദണ്ഡങ്ങള്‍ അനുവര്‍ത്തിച്ചും മാത്രമേ  ഇക്കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളത്തിലെ നിലവിലുള്ള ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനവും ഉല്‍പാദനവും പൂര്‍ണ്ണതോതിലാക്കിയാല്‍ത്തന്നെ അന്യസംസ്ഥാന മദ്യക്കമ്പനികളെയും ലോബികളെയും ആശ്രയിക്കാതെതന്നെ കേരളത്തിനാവശ്യമായ മദ്യം  ലഭ്യമാക്കാനാകുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.   ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ വീണ്ടും 2018 ല്‍ ആരോപണവിധേയരായ കമ്പനികള്‍ക്കുതന്നെ ബ്രൂവറി/ ഡിസ്റ്റിലറി ലൈസന്‍സ് അനുവദിക്കാനുളള നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളികൂടിയാണ്. 

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പാലക്കാടുപോലെ അതീവ വരള്‍ച്ചാസാധ്യത നിലനില്‍ക്കുന്ന ഒരു ജില്ലയില്‍, അതും ഒരു വര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന പ്ലാന്റുകള്‍ ബ്രൂവറി/ഡിസ്റ്റിലറികളുടെ ഭാഗമായി സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് അവിടത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കും, ജനജീവിതം ദുസ്സഹമാക്കും. പണ്ട് പ്ലാച്ചിമട സമരത്തിന് പിന്തുണ നല്‍കിയ ഒരു പാര്‍ട്ടിയും മുന്നണിയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ ഇത്തരമൊരു ജനവിരുദ്ധസമീപനം സ്വീകരിക്കുന്നത് അവിടത്തെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്.

മാത്രമല്ല 2018ലെ ബ്രൂവറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളിതുവരെയായി പുറത്തുവിടാത്തതും ദുരൂഹമാണ്. പ്രസ്തുത റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടണമെന്നും റിപ്പോര്‍ട്ടിന് അനുസൃതമായുള്ള ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷപാര്‍ട്ടികളെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തും അവരെ ബോധ്യപ്പെടുത്തിയും മാത്രമേ ഇതുസംബന്ധിച്ചുള്ള ഏതൊരു തുടര്‍നടപടിയും സ്വീകരിക്കാന്‍ പാടുള്ളൂ എന്നും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
'ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക് അസ്വസ്ഥത ഉണ്ടായേക്കാം': എം എ ബേബിയെ പരിഹസിക്കുന്നവർക്ക് ശിവൻകുട്ടിയുടെ മറുപടി