ചിന്തൻ ശിബിരം: സമഗ്ര മാറ്റത്തിന് കോണ്‍ഗ്രസ്

Published : May 09, 2022, 12:30 PM ISTUpdated : May 10, 2022, 06:48 PM IST
ചിന്തൻ ശിബിരം: സമഗ്ര മാറ്റത്തിന് കോണ്‍ഗ്രസ്

Synopsis

6 സമിതി അധ്യക്ഷന്മാരുടെ റിപ്പോര്‍ട്ട്  സോണിയ ഗാന്ധി പരിശോധിച്ചു;

ദില്ലി: ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട   ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി കടന്നു.6 സമിതികൾ നൽകുന്ന നിർദ്ദേശങ്ങൾ സോണിയ ഗാന്ധി പരിശോധിച്ചു. സമിതി അധ്യക്ഷന്മാർ സോണിയ ഗാന്ധിയുമയി ചർച്ച നടത്തി.പാർട്ടിയിൽ സമൂലമാറ്റം നിർദേശിക്കുന്നതിനൊപ്പം ,യുവ ന്യൂനപക്ഷ പ്രാതിനിധ്യം കൂട്ടുന്നതടക്കം മറ്റ് നിർദേശങ്ങളുമാണ് സമിതി മുൻപോട്ട് വ ച്ചിരിക്കുന്നത്.ചിന്തൻ ശിബിരത്തോടെ പാർട്ടിയിൽ തിരുത്തലുകളുണ്ടാകുമെന്നും, നവോന്മേഷം കൈവരുമെന്നും  വക്താവ് രൺദീപ് സിംഗ് സുർജേവാല യോഗശേഷം പ്രതികരിച്ചു.

സമിതികളുടെ  നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടത്തി  പൊതു തീരുമാനത്തിലെത്തി മുന്‍പോട്ട് പോകാനാണ് ധാരണ.ചിന്തന്‍ ശിബിരത്തിന്‍റെ അജണ്ട നിശ്ചയിക്കാനുള്ള പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. യോഗത്തിന് മുന്നോടിയായി ഉപസമിതി കണ്‍വീനര്‍മാരുമായുള്ള ചര്‍ച്ച സോണിയഗാന്ധി പൂര്‍ത്തിയാക്കും. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കടുത്ത വിമത സ്വരം ഉ.യര്‍ന്ന പശ്ചാത്തലത്തിലാണ് ചിന്തന്‍ ശിബിരം ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.ചിന്തന്‍ ശിബിരത്തോടെ നടക്കുന്ന പുനസംഘടനയില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.. സംഘടനാ തലപ്പത്തടക്കം സമഗ്ര മാറ്റം വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ്  13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഉന്നമിടുന്നത്.ചിന്തന്‍ ശിബരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശും രാജസ്ഥാനുമാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്. ശിബിരത്തോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത അവസാനിച്ചാല്‍ രാജസ്ഥാനില്‍ ഭരണം തുടരാനാകുമെന്നാണ് പ്രതീക്ഷ. കമല്‍നാഥിനെ ദേശീയ തലത്തില്‍ എത്തിച്ച് മധ്യപ്രദേശിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലുണ്ട്. 

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നും, അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സോണിയ ഗാന്ധി ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ കമല്‍നാഥ് അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹം ഒരു വേള ശക്തമായിരുന്നു. ശിബിരത്തോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ കമല്‍നാഥിനെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണമെന്നും രാഹുല്‍ ക്ഷണം നിരസിച്ചാല്‍ അധ്യക്ഷനാക്കണമെന്ന  നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.

ഗ്രൂപ്പ് 23 നേതാക്കളുമായി കമല്‍നാഥ് അടുത്ത ബന്ധം പുലര്‍ത്തുന്നതും പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷ കമല്‍നാഥ് അനുകൂലികള്‍ ഉന്നയിക്കുന്നു. അതേ സമയം നാനൂറ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിക്കാത്തതില്‍ ചില നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വവുമായി സ്ഥിരം അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍, എംപിമാര്‍, സംസ്ഥാന അധ്യക്ഷന്മാര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കാണ് ക്ഷണം. ഇക്കൂട്ടര്‍ സ്ഥിരം നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചിട്ടും പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ലല്ലോയെന്നും പുതിയ ആശയങ്ങള്‍ തേടാനുള്ള വിമുഖതയാണ് പ്രകടമാകുന്നതെന്നുമാണ് ക്ഷണം ലഭിക്കാത്തവരുടെ പരിഭവം. 
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടർ പട്ടികയിൽ പേരില്ല
നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'