'മയക്കുമരുന്ന് വലയിൽപെട്ട എട്ടാംക്ലാസുകാരി' ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിയമസഭയില്‍,കർശനനടപടിയെന്ന് മന്ത്രി

By Web TeamFirst Published Dec 7, 2022, 12:47 PM IST
Highlights

നിലവിലുള്ള നിയമത്തിന്‍റെ  പഴുത് ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതിനെതിരെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയോജിപ്പിച്ച ഇടപെടൽ ആലോചിക്കുന്നു, നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്.ജനകീയ ക്യാമ്പെയിനിലൂടെ ചെറുക്കാൻ ശ്രമിക്കുന്നുവെന്നും എക്സൈസ് മന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: മയക്കുമരുന്ന് വലയിൽ പെട്ട എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കെപി മോഹനൻ എംഎല്‍എ നിയമസഭയിൽ ഉന്നയിച്ചു .ശക്തമായ അന്വേഷണം വേണമെന്ന് കെകെ രമയും ആവശ്യപ്പെട്ടു.കേന്ദ്ര നിയമത്തിൽ പഴുതുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.നിലവിലുള്ള നിയമത്തിന്‍റെ  പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനെതിരെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയോജിപ്പിച്ച ഇടപെടൽ ആലോചിക്കുന്നു, നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കിയിട്ടുണ്ട്.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്.ജനകീയ ക്യാമ്പെയിനിലൂടെ ചെറുക്കാൻ ശ്രമിക്കുന്നു, അത് ഫലപ്രദമാകുന്നുണ്ട്.സ്കൂൾ കുട്ടികളെ കാരിയർമാരാക്കുന്നു എന്ന പ്രശ്‍നം ഗൗരവ സംഭവമാണ്.ചോംമ്പാല പ്രശ്നത്തിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു.തനിക്കു ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഈ സാഹചര്യ ത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. 

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം:അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം,സ്കൂളിൽ പരിശോധന

എട്ടാം ക്ലാസുകാരിയെ ലഹരി നല്‍കി കാരിയറാക്കി, സ്കൂൾ ബാഗിൽ ലഹരി കടത്തിച്ചു; പ്രതിയെ വിട്ടയച്ച് പൊലീസ്

click me!