വേനല്‍ കനത്തതോടെ ചാലക്കുടി പുഴയില്‍ ജലവിതാനം താഴുന്നു. ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. വെള്ളം ലഭ്യമല്ലാതായതോടെ പല കൃഷിയിടങ്ങളിലും നെല്‍കൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങി തുടങ്ങി
തൃശൂര്‍: വേനല്‍ കനത്തതോടെ ചാലക്കുടി പുഴയില്‍ ജലവിതാനം താഴുന്നു. ഇത് ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. വെള്ളം ലഭ്യമല്ലാതായതോടെ പല കൃഷിയിടങ്ങളിലും നെല്‍കൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങി തുടങ്ങി. പൊരിങ്ങല്‍കുത്ത് ഡാമിലെ വൈദ്യുതി ഉത്പാദനം താഴ്ന്ന രീതിയിലേക്കെത്തിയതാണ് തുമ്പൂര്‍മുഴിയില്‍ നിന്നാരംഭിക്കുന്ന കനാലുകള്‍ക്ക് വിനയായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുഴപോലെ പ്രവര്‍ത്തിച്ചിരുന്ന മെയിന്‍ കനാലുകളിലും ഉപകനാലുകളിലും ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞു.
പണ്ട് കനാല്‍ വെള്ളം ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളെ ഹരിതാപമാക്കിയിരുന്നു. രണ്ടര മീറ്റര്‍ ഉയരത്തില്‍ വെള്ളമൊഴികിയിരുന്ന കനാലിലെ ജലവിതാനം ഇപ്പോള്‍ ഒന്നര മീറ്ററില്‍ താഴെയായി ചുരുങ്ങി. അതും പുലര്‍ച്ചെ മുതല്‍ രണ്ട് മണിക്കൂര്‍ മാത്രവും. പിന്നീട് കനാല്‍ വെള്ളം ശോഷിച്ച് അര മീറ്ററില്‍ താഴേക്കാകും. മറ്റത്തൂര്‍, മാള മെയിന്‍ കനാലുകളെ ആശ്രയിക്കുന്ന നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഒപ്പം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. ചാലക്കുടികൂടപ്പുഴ ബ്രാഞ്ച് കനാലുകളില്‍ വെള്ളം തുറന്ന് വിടുന്നത് മാസത്തിലൊരിക്കല്‍ മാത്രമായി ചുരുങ്ങി. ഇതോടെ കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കിണറുകളും വറ്റിതുടങ്ങി. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.


