"ഈ മഴ കാണുമ്പോൾ ഭയങ്കര പേടിയാണ്"; ഉരുളെടുത്ത ഉറ്റവരുടെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി മുണ്ടക്കൈ, ചൂരൽമല നിവാസികൾ

Published : Jul 30, 2026, 08:29 AM IST
Wayanad Landslide Two Year

Synopsis

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിന് രണ്ടാണ്ട്. ഉറ്റവരുടെ ഓർമ്മകളിൽ കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ഒത്തുകൂടിയ പലരും വിങ്ങിപ്പൊട്ടി. ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷൻ്റെ നേതൃത്വത്തിൽ രാവിലെ സംഘടിപ്പിച്ച പുഷ്പാ‍ർച്ചയിൽ പങ്കെടുത്ത പലരും പൊട്ടിക്കരഞ്ഞു.

കൽപ്പറ്റ: "ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്", ഉരുളെടുത്ത ഉറ്റവരുടെ ഓർമ്മകൾ പുതുക്കാനായി കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ഒത്തുകൂടിയ പലരും പറയുന്നത് ഇങ്ങനെയാണ്. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ 298 പേരുടെ ചിത്രങ്ങൾക്ക് മുമ്പിൽ വിളക്കുകൊളുത്തി പുഷ്പങ്ങൾ അർപ്പിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. നാട് നടുങ്ങിയ ഉരുൾപൊട്ടൽ സംഭവിച്ച് രണ്ടാണ്ട് തികഞ്ഞെങ്കിലും ജീവൻ പൊലിഞ്ഞ ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഓർമ്മകളിൽ കണ്ണീർ പൊഴിക്കുകയാണ് മുണ്ടക്കൈ, ചൂരൽമല നിവാസികൾ.

ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷൻ്റെ നേതൃത്വത്തിൽ രാവിലെ സംഘടിപ്പിച്ച പുഷ്പാ‍ർച്ച ഹൃദയഭേദകമായിരുന്നു. ദുരന്തത്തിൽ വിട്ടുപിരിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിറകണ്ണുകളോടെ പുഷ്പാർച്ചന നടത്തിയ പലരും പൊട്ടിക്കരഞ്ഞു. നിറകണ്ണുകളോടെ നിന്ന പലർക്കും സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

"പറയാൻ പറ്റണില്ല, ഭയങ്കര വിഷമമുണ്ട്. ഒക്കെ നഷ്ടപ്പെട്ടുപോയി. നഷ്ടപ്പെട്ടതിൽ വിഷമമില്ല, കൂടെപ്പിറപ്പുകളും കൂട്ടുകാരും മരിച്ചുപോയത് സഹിക്കാൻ പറ്റില്ല. വീടൊക്കെ കിട്ടി, പക്ഷേ മനസ്സിൽ അവരൊക്കെയാണ്. വലിയ മഴ പെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും ഞങ്ങൾക്ക് ഭയങ്കര പേടിയാണ്"- ടൗൺഷിപ്പിൽ താമസിക്കുന്ന ഒരാൾ പറഞ്ഞു. മഴ പെയ്യുമ്പോൾ പേടിയാണെന്നും മറ്റൊരാളും പറഞ്ഞു. ചിത്രത്തിൽ ഉള്ളവരെല്ലാം വേണ്ടപ്പെട്ടവരാണെന്ന് പറഞ്ഞ അവർക്ക് വാക്കുകൾ മുഴുവിപ്പിക്കാനായില്ല.

"വൈകുന്നേരം വർത്തമാനം പറഞ്ഞ് പിരിഞ്ഞതാണ്. ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു"- നടുക്കുന്ന ഓർമ്മകൾ ഒരു അമ്മ ഓർത്തെടുത്തു. "എല്ലാം നഷ്ടപ്പെട്ടു. അതൊന്നും മറക്കാൻ പറ്റുന്നില്ല. ഒരുമിച്ചു ചിരിച്ചുകളിച്ചു ജീവിച്ചവരാണ്. അത്രയും സ്നേഹത്തോടെ കഴിഞ്ഞവരാണ്. ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്. ഒൻപതിനായിരം രൂപയുടെ കൂപ്പൺ കിട്ടുന്നുണ്ട്. പണിയൊന്നുമില്ല. അങ്ങനെ കഴിയുന്നു"- അമ്മ മുഴുവിപ്പിച്ചു. കൽപ്പറ്റയിലെ എൽസൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ 410 കുടുംബങ്ങൾക്കാണ് സർക്കാർ തണലൊരുക്കുന്നത്. ഇതിനോടകം 165 കുടുംബങ്ങൾ ടൗൺഷിപ്പിൽ തയ്യാറായ വീടുകളിൽ താമസം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദ പരാമർശം: ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്
'കഞ്ചാവുകടത്തുകാരനാക്കി, വേദനിപ്പിച്ചത് അതാണ്', ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിയായ യുവാവിന് ക്രൂര മർദനം, പരാതി നൽകി പിതാവ്