ചൂർണിക്കര ഭൂമി തട്ടിപ്പ്: നടന്നത് ലക്ഷങ്ങളുടെ ഇടപാട്, നികുതി റജിസ്റ്റർ തിരുത്തി വ്യാജരേഖയുണ്ടാക്കി

By Web TeamFirst Published May 8, 2019, 11:22 AM IST
Highlights

ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്‍റ് നിലമാണ് അടിസ്ഥാന നികുതി റജിസ്റ്ററിൽ പുരയിടമാക്കി മാറ്റുന്നതിനായി വ്യാജ രേഖ നിർമ്മിച്ചത്.

കൊച്ചി: ആലുവ ചൂർണ്ണിക്കരയിൽ നിലം പുരയിടമാക്കാൻ വ്യാജ രേഖ നിർമ്മിച്ചതിന് ഏഴ് ലക്ഷം രൂപ ഇടനിലക്കാരൻ കൈപ്പറ്റിയെന്ന് ഭൂവുടമയുടെ മൊഴി. കാലടി സ്വദേശി അബുവാണ് വ്യാജ രേഖ നിർമ്മിച്ചത്. ഭൂവുടമ ഹംസയുടെ മൊഴിയെടുത്തതിന് പിറകെ ഇടനിലക്കാരൻ അബു ഒളിവിൽ പോയി. 

ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്‍റ് നിലമാണ് ബേസിക് ടാക്സ് റജിസ്റ്ററിൽ (അടിസ്ഥാന നികുതി റജിസ്റ്റർ) പുരയിടമാക്കി മാറ്റുന്നതിനായി വ്യാജ രേഖ നിർമ്മിച്ചത്. ബിടിആറിൽ മാറ്റം വരുത്താൻ സ്ഥലം ഉടമ ഹംസ സഹോദരിയുടെ മകനായ ബഷീറിനെയാണ് ചുമതലപ്പെടുത്തിയത്. ബഷീർ ആണ് കാലടി സ്വദേശി അബുവിനെ പരിചയപ്പെടുത്തുന്നത്.

വസ്തു ഇടപാടിൽ പരിചയമുള്ള അബുവിന് റവന്യൂ ഉദ്യോഗസ്ഥരുമായി നല്ല അടുപ്പം ഉണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളിൽ മാറ്റം വരുത്താമെന്ന് ധരിപ്പിച്ച് 7 ലക്ഷം രൂപയാണ് അബു കൈപ്പറ്റിയത്. പിന്നീട് സർക്കാർ മുദ്രയോട് കൂടിയ രേഖ ഭൂവുടമ ഹംസയ്ക്ക് കൈമാറി. ഒറിജിനൽ ആണെന്നാണ് താൻ കരുതിയതെന്നാണ് ഹംസയുടെ മൊഴി. എന്നാൽ പത്രങ്ങളിൽ വാർത്തകൾ കണ്ടപ്പോഴാണ് തന്‍റെ ഭൂമിക്കായി വ്യാജ രേഖ നിർമ്മിച്ചെന്ന വിവരം അറിയുന്നത്.

ഇതേ തുടർന്ന് അബുവിനെ ബന്ധപ്പെട്ടപ്പോൾ ആര് ചോദിച്ചാലും തന്‍റെ പേര് പറയാൻ ആവശ്യപ്പെട്ട് ഇയാൾ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് മൊഴി. ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അബുവിനെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

വ്യാജ രേഖ തയ്യാറാക്കിയത് കാലടി കേന്ദ്രീകരിച്ച് തന്നെ ആണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീഭൂതപുരത്തെ വീട്ടിൽ ഇത് കണ്ടെത്താൻ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അബുവിന് സ്ഥലത്തെ റവന്യൂ ഉദ്യോഗസ്ഥരുമായി നല്ല അടുപ്പമുണ്ട്. വ്യാജ രേഖ നിർമ്മിച്ചതിൽ ഇവർക്ക് പങ്കുണ്ടോ എന്നതടക്കം അബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും.

ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളുടെ പരിധിയിൽ കഴിഞ്ഞ ഒരു വർഷം നടത്തിയ ഭൂമി തരംമാറ്റൽ നടപടികൾ വീണ്ടും പരിശോധിക്കാൻ ആർഡിഒയും തീരുമാനിച്ചിട്ടുണ്ട്. 

click me!