ചൂര്‍ണിക്കരയിലെ അനധികൃത നിലം നികത്തല്‍; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

By Web TeamFirst Published May 6, 2019, 12:33 PM IST
Highlights

ആലുവ ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തിയ സ്ഥലം വ്യാജരേഖ ചമച്ച് തരംമാറ്റാനുള്ള നീക്കം നടത്തിയതിന് പിന്നിൽ വൻ റിയൽ എസ്റ്റേറ്റ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. 

കൊച്ചി: എറണാകുളത്തെ ചൂർണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ലാന്‍റ് റവന്യൂ കമ്മീഷണറുടെ പേരിലാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. അതേസമയം കുന്നത്തുനാട് വില്ലേജില്‍ കളക്ടറുടെ ഉത്തരവ് മറികടന്ന് നിലം നികത്തിയ സംഭവത്തില്‍ ഫയലുകള്‍ വിളിച്ചു വരുത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ആലുവ ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തിയ സ്ഥലം വ്യാജരേഖ ചമച്ച് തരംമാറ്റാനുള്ള നീക്കം നടത്തിയതിന് പിന്നിൽ വൻ റിയൽ എസ്റ്റേറ്റ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.

കളമശ്ശേരി, മുട്ടം എന്നീ മെട്രോ സ്റ്റേഷനുകളുടെ ഇടക്ക് ദേശീയ പാതയോടു ചേർന്ന് കിടക്കുന്ന അരയേക്കറോളം വരുന്നതാണ് ചൂര്‍ണിക്കരയിലെ ഈ ഭൂമി. വർഷങ്ങൾക്കു മുമ്പേ നിലം മണ്ണിട്ടു നികത്തി, ഷെഡ്ഡ് നിർമ്മിച്ചു, പഞ്ചായത്തിൽ നിന്ന് നമ്പർ സംഘടിപ്പിച്ചു, പിന്നീട് കെട്ടിടങ്ങളും പണിതു. എന്നാൽ തരം മാറ്റാൻ കഴിഞ്ഞില്ല. ഇതിൽ ഇരുപത്തിയഞ്ചു സെൻറ് സ്ഥലമാണ് തൃശ്ശൂർ സ്വദേശി ഹംസ വ്യാജ ഉത്തരവുണ്ടാക്കി തരം മാറ്റാൻ ശ്രമിച്ചത്. സെന്‍റിന് 2500000 രൂപ വരെയാണ് ഇവിടെ സ്ഥലത്തിന്‍റെ വില. തരം മാറ്റിയാ‌ൽ വില ഇരട്ടിയിലധികമാകും. ഒപ്പം ബാങ്ക് വായ്പയും സംഘടിപ്പിക്കാം.

ചൂർണിക്കര വില്ലേജ് ഓഫീസറുടെ ഇടപെടലാണ് വ്യാജരേഖയാണ് ഹാജരാക്കിയതെന്ന വിവരം പുറത്തറിയാൻ കാരണമായത്. വീടു വയ്ക്കാൻ പോലും നിലം തരം മാറ്റാൻ കർശന വ്യവസ്ഥകളുള്ളപ്പോഴാണ് ഉദ്യോഗസ്ഥ സഹായത്തോടെയുള്ള ഈ വലിയ തിരിമറി. 

click me!