ചോറ്റാനിക്കരയിൽ ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവില്ല, ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം

Published : Feb 16, 2026, 08:10 AM IST
Chottanikkara suicide

Synopsis

ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പൊലീസ് പറയുന്നത്.

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16)യുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെൺകുട്ടിക്ക് പ്രണയമായിരുന്നു. എന്നാൽ. കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറൽ എസ് പി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.

ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പൊലീസ് പറയുന്നത്. കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തുമെന്നും എറണാകുളം റൂറൽ എസ് പി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോധവത്കരണത്തിന് സ്റ്റുഡന്‍റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ ഇതിനായി ഉപയോഗിക്കുമെന്നും എസ്പി പറഞ്ഞു.

അതേസമയം മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. കൊറിയൻ സുഹൃത്തെന്ന പേരിൽ ആരോ മകളെ കബളിപ്പിച്ചതാണെന്നും ഇതിന്‍റെ ദുരൂഹത നീക്കണമെന്നും മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ഛന്‍റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊറിയൻ ഭാഷയും സംഗീതവും 16കാരി ആദിത്യയ്ക്ക് ഇഷ്ടമായിരുന്നു. ഭാഷ പഠിക്കാനും തുടങ്ങിയിരുന്നു. പഠനം പൂർത്തിയാക്കി കൊറിയയിൽ ജോലി ചെയ്യണമെന്ന് അവൾ പറഞ്ഞിരുന്നു. മറ്റൊന്നും കുടുംബത്തിന് അറിയില്ല. മകളുടെ ഈ ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാവാം. അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കി മനം നൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പിതാവ് പറയുന്നത്.

അതിനിടെ ആദിത്യ പിന്തുടർന്നിരുന്ന ഇൻസ്റ്റ പേജ് 'ബ്ലാക്ക് വെനം' പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പലരും അൺഫോളോ ചെയ്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടിന്‍റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്. കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്ന് കുറിപ്പെഴുതിവെച്ചാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ജീവനൊടുക്കിയത്. 

ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴക്കൂട്ടത്ത് പ്രേംകുമാർ കോൺ​ഗ്രസ് സ്ഥാനാർത്ഥി?, മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ
എസ്എഫ്ഐക്കാരെ ഇടിവളയിട്ട് മർദിച്ചതിന് തെളിവ്, പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്