'ചുഞ്ചു നായര്‍ ഞങ്ങളുടെ റാണി': ജാതിപ്പേര് നൽകിയതിൽ കുടുംബത്തിന്റെ വിശദീകരണം

By Web TeamFirst Published May 28, 2019, 5:23 PM IST
Highlights

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നവി മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് 

നവി മുംബൈ: ചുഞ്ചു നായ‍ര്‍. ഈ പേരിപ്പോൾ മലയാളികൾക്കെല്ലാം സുപരിചിതമാണ്. സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു ജാതിപ്പേരുള്ള ഈ പൂച്ച. വളര്‍ത്തുപൂച്ചയുടെ ചരമ വാ‍ര്‍ഷിക ദിനത്തിൽ ഉടമകൾ പത്രപ്പരസ്യം നൽകിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ട്രോളുകൾ പിറന്നിരുന്നു. ഈ ട്രോളുകളെല്ലാം വളരെയേറെ വിഷമത്തിലാക്കിയിരിക്കുകയാണ് ചുഞ്ചുവിന്റെ ഉടമകളായിരുന്ന മലയാളി കുടുംബത്തെ. 

പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് നവി മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം പരസ്യം നൽകിയത്. വളരെയേറെ ട്രോൾ ചെയ്യപ്പെട്ടതിന് പിന്നാലെ ചുഞ്ചുവിന് ജാതിപ്പേര് നൽകിയതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. "അവൾ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തിൽ  പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ‍ഞങ്ങൾക്ക് അവൾ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നൽകിയതും. ആ നാൽക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആ‍ര്‍ക്കും  മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകൾ. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല," കുടുംബം വ്യക്തമാക്കി.

പരസ്യം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബം വിശദീകരണം നൽകിയത്. എന്നാൽ കുടുംബത്തെ കുറിച്ചുള്ള യഥാ‍ര്‍ത്ഥ വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.

ഏതാണ്ട് 18 വ‍ര്‍ഷത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാ‍ര്‍ദ്ധക്യ കാലത്തായിരുന്നു മരണം. ഇത്രയും നാളുകൾ സാധാരണ പൂ‍ച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ‍ഡോക്ടർമാ‍‍ര്‍ പറഞ്ഞത്. ഉയര്‍ന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങൾ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല. 

നവി മുംബൈയിൽ വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു വ‍ര്‍ഷങ്ങള്‍ക്ക് മുൻപ് ഈ പൂച്ചയെ വീട്ടമ്മ കണ്ടെത്തിയത്. ഇടയ്ക്ക് ഭക്ഷണ സാധനങ്ങൾ നൽകിയതിന് പിന്നാലെ പൂച്ചയും വീട്ടമ്മയും തമ്മിൽ ബന്ധം വള‍ര്‍ന്നു. കേരളത്തിൽ സുന്ദരിയെന്ന് പേരായ പൂച്ചയെ ഇവരുടെ ചെറുപ്പകാലത്ത് വളര്‍ത്തിയിരുന്നു. അങ്ങിനെ ഈ പൂച്ചയ്ക്കും സുന്ദരിയെന്ന് പേരിട്ടു. എന്നാൽ പിന്നീടിത് ചുരുങ്ങി ചുഞ്ചുവെന്നായെന്നും വീട്ടമ്മ പറഞ്ഞു.

തന്റെ പെൺമക്കളെ മടിയിലിരുത്തുന്നത് പോലും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നുവെന്നും പൂച്ചയെ കരുതി പലപ്പോഴും ദീ‍ര്‍ഘയാത്ര പോയിരുന്നില്ലെന്നും ഇവ‍ര്‍ പറഞ്ഞു. ഫോട്ടോയെടുക്കുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കാൻ നേരത്ത് ചുഞ്ചു മനപ്പൂ‍ര്‍വ്വം ഇവിടെ നിന്ന് മാറിനിൽക്കാറുണ്ടായിരുന്നുവെന്നും അവ‍ര്‍ പറഞ്ഞു.

പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകൾക്കും പല്ലിനും തകരാറുണ്ടായി. ചുഞ്ചുവിന്റെ അവസാന നാളുകളിൽ അയൽക്കാർ പോലും കണ്ണീരോടെയാണ് അവളെ കാണാനെത്തിയത്. രോഗം മാറ്റാൻ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങൾക്കുള്ളിൽ അവള്‍ മരിച്ചെന്നും വീട്ടമ്മ പറഞ്ഞു.

click me!