സിഐ നവാസ് വീട്ടിൽ തിരിച്ചെത്തി, കോടതിയിൽ മേലുദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയില്ലെന്ന് സൂചന

By Web TeamFirst Published Jun 15, 2019, 10:32 PM IST
Highlights

കൊച്ചി സെൻട്രൽ സിഐ നവാസിനെ ഇന്ന് രാവിലെ തമിഴ്‍നാട്ടിലെ കരൂരിൽ വച്ചാണ് കണ്ടെത്തിയത്. മനഃസ്സമാധാനം തേടിയുള്ള യാത്രയിലായിരുന്നെന്ന് സിഐ നവാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

കൊച്ചി: തമിഴ്‍നാട്ടിൽ നിന്ന് കണ്ടെത്തിയ സിഐ നവാസിനെ കൊച്ചിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആരുടെയും സമ്മർദ്ദമില്ലായിരുന്നുവെന്നും മജിസ്ട്രേറ്റിന് നവാസ് മൊഴി നൽകിയതെന്നാണ് സൂചന. ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലെന്നും വരും ദിവസങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും നവാസ് പറഞ്ഞു.

സംസ്ഥാനപൊലീസിനെ ഏറെ സമ്മർദ്ദത്തിലാക്കിയ സർക്കിൾ ഇൻസ്പെക്ടറുടെ തിരോധാനത്തിന്‍റെ എപ്പിസോഡാണ് ഇങ്ങനെ പര്യവസാനിക്കുന്നത്. അസിസ്റ്റന്‍റ് കമ്മീഷണറുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കാണാതായ സിഐയെ മൂന്നാം ദിവസമാണ്  നാഗ‍ർകോവിൽ- കോയമ്പത്തൂർ എക്സ്‍പ്രസ് ട്രെയിനിൽ നിന്ന് കണ്ടെത്തിയത്. വൈകീട്ടോടെ കൊച്ചിയിലെത്തിച്ച നവാസിനെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി.

മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായി മജിസ്ട്രേറ്റിന് മുൻപാകെ നവാസ് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സൂചന. നവാസ് ഹാജരായതോടെ ഭർത്താവിനെ കാണാനില്ലെന്ന് നവാസിന്‍റെ ഭാര്യ നൽകിയ പരാതി  തീർപ്പായി. മാനസിക സമ്മര്‍ദ്ദം കാരണം  ശാന്തി തേടി യാത്ര പോയതാണെന്നും എല്ലാവരേയും വിഷമിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നവാസ് നേരത്തെ ഫേസ് ബുക്കിലെഴുതിയിരുന്നു. എന്നാൽ തേവരയിലെ ക്വാർട്ടേഴ്സിലെത്തിയ നവാസ് മേലുദ്യോഗസ്ഥരുടെ പീഡനം നാടുവിടാൻ കാരണമായോ എന്നതിനോട് പ്രതികരിച്ചില്ല.

Read More: പക പോക്കൽ റിപ്പോർട്ട്, ഈഗോ പോര്, ശിക്ഷകൾ: സിഐ നവാസിന്‍റെ തിരോധാനത്തിന് പിന്നിൽ ..

''ഒന്നും പറയാനില്ല, ഒന്നും പറയാനില്ല'', എന്ന് മാത്രമായിരുന്നു കോടതിയിൽ ഹാ‍ജരാക്കിയപ്പോൾ നവാസിന്‍റെ പ്രതികരണം. ''നിങ്ങളെ പിന്നീട് കാണുമല്ലോ, ഇപ്പോഴൊന്നും പറയില്ല'', എന്ന് നവാസിന്‍റെ കൂടെയുള്ളവരും വിളിച്ച് പറയുന്നുണ്ടായിരുന്നു. നേരത്തേ മേലുദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് ഭാര്യ നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ആ പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്ന് നവാസ് പ്രതികരിച്ചിരുന്നു. തിരിച്ച് നാട്ടിലേക്ക് വരിക തന്നെയായിരുന്നു താനെന്നാണ് സിഐ നവാസ് പറഞ്ഞിരുന്നത്. വഴിയിൽ വച്ച്, ട്രെയിനിൽ നവാസിനെ കണ്ട മലയാളിയായ ആർപിഎഫ് ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞ് പൊലീസിന് സന്ദേശം നൽകിയത്.

Read More: മാപ്പ് ചോദിച്ച് നവാസ്; 'മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി പോയതാണ്'

അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പീഡനമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അത്തരം പരാതി ഭാര്യ ഉന്നയിച്ചതിനെക്കുറിച്ച് സിഐ നവാസിനോട് ചോദിച്ചാൽ അറിയാമല്ലോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കാണാതായ നവാസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ പൊലീസ് രൂപീകരിച്ചിരുന്നു. ഡിസിപി പൂങ്കുഴലിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥ. മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ ഡിസിപി പൂങ്കുഴലി, എസിപി സുരേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നു.

Read More: ഫോൺ ഓഫാക്കി രാമേശ്വരത്ത് പോയി; നാട്ടിൽ നടന്ന പുകിലൊന്നും നവാസ് അറിഞ്ഞില്ല !

ഇന്നു പുലർച്ചെ ഒന്നരയോടെ നവാസിന്‍റെ ഫോൺ സ്വിച്ച് ഓൺ ആയത് സൈബര്‍ സെല്‍ നിമിഷനേരം കൊണ്ട് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതോടെയാണ് സിഐ നവാസ് തമിഴ്‍നാട്ടിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ അന്വേഷണ സംഘം തമിഴ്‍നാട്ടിലേക്ക് പുറപ്പെടുന്നതിനിടെയാണ് മലയാളിയായ ആർപിഎഫ് ഉദ്യോഗസ്ഥൻ നവാസിനെ തീവണ്ടിയിൽ കണ്ടെന്ന് സന്ദേശം നൽകിയതോടെ. ഇതോടെ തമിഴ്‍നാട്ടിലെ കരൂരിൽ വച്ച് നവാസിനെ പൊലീസ് കണ്ടു. അവിടെ നിന്ന് പൊലീസിനൊപ്പം സിഐ നവാസ് വീട്ടിലേക്ക് പോരുകയായിരുന്നു. 

Read More: മേലുദ്യോഗസ്ഥർക്കെതിരെ സിഐ നവാസിന്‍റെ ഭാര്യ: മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

click me!