Asianet News MalayalamAsianet News Malayalam

ഫോൺ ഓഫാക്കി രാമേശ്വരത്ത് പോയി; നാട്ടിൽ നടന്ന പുകിലൊന്നും നവാസ് അറിഞ്ഞില്ല !

നാഗര്‍കോവിൽ കൊയന്പത്തൂര്‍ എക്സ് പ്രസിൽ വച്ചാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ സിഐ നവാസിനെ തിരിച്ചറിയുന്നത്. സൈബര്‍ ഡോമിന്‍റെ സഹായത്തോടെ 20 അംഗ പ്രത്യേക സംഘത്തിന്‍റെ അന്വേഷണമോ തിരോധാനത്തെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളോ നവാസ് അറിഞ്ഞില്ലെന്നാണ് സൂചന.

ci navas was not aware of controversy happend in kerala  when he went to madhura
Author
Kochi, First Published Jun 15, 2019, 11:04 AM IST

കൊച്ചി: മൂന്ന് ദിവസം വീട്ടിൽ നിന്നും നാട്ടിൽ നിന്നും മാറി നിന്നപ്പോൾ നാട്ടിലുണ്ടായ പുകിലൊന്നും പൊലീസ് ഉദ്യോഗസ്ഥനായ നവാസ് പൂര്‍ണ്ണമായി അറിഞ്ഞിരുന്നില്ലെന്ന് സൂചന. ഒരു യാത്ര പോകുന്നു എന്ന് ഭാര്യക്ക് എസ്എംഎസ് ഇട്ട് വീട് വിട്ടിറങ്ങിയ നവാസ് തന്‍റെ തിരോധാനം വലിയ വാര്‍ത്തയും വിവാദവുമായതും, തന്നെ കണ്ടെത്താൻ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇരുപത് പൊലീസുകാരുടെ പ്രത്യേകസംഘം തന്നെ രൂപീകരിച്ചതും ഒന്നും അറിഞ്ഞിരുന്നില്ല. 

പൊലീസ് കണ്ടെത്തുമ്പോൾ നാഗര്‍കോവിൽ - കൊയമ്പത്തൂര്‍ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു നവാസ്. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താൻ സഹായിച്ചത് . കൊല്ലം മധുര വഴി യാത്ര ചെയ്ത നവാസ് രാമേശ്വരത്ത് എത്തിയെന്നാണ് വിവരം. കരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വീട്ടുകാരുമായി നവാസ് സംസാരിച്ചു. അപ്പോള്‍ മാത്രമാണ് തന്‍റെ തിരോധാനത്തെ തുടര്‍ന്ന് നാട്ടില്‍ ഇത്രവലിയ കോലാഹലം നടക്കുന്ന കാര്യം നവാസ് അറിയുന്നത്. 

കൊച്ചിയിലെ വീട്ടിൽ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസ്സിൽ തിരിച്ച നവാസ് പിന്നെ ട്രെയിനിലാണ് മധുരയ്കക്ക് പോയതെന്നാണ് വിവരം. കൊച്ചി വരെ നവാസ് എത്തിയ കാര്യം അന്വേഷണ സംഘവും നേരത്തെ സ്ഥിരീകരിച്ചിരുന്നു.രാമേശ്വരത്തേക്ക് പോയെന്നാണ് നവാസ് പറയുന്നത്. ഔദ്യോഗിക നമ്പര്‍ തിരിച്ച് ഏൽപ്പിച്ചിരുന്ന നവാസ് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്തു. രാത്രി ഒന്നരയോടെ വീണ്ടും ഫോൺ ഓൺ ചെയ്തപ്പോഴാണ് പൊലീസ് നവാസിന്‍റെ ലൊക്കേഷൻ തിരിച്ചറിയുന്നതും റെയിൽ വെ പൊലീസിന്‍റെ സഹായം തേടി സന്ദേശം കൈമാറുന്നതും.

 സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞിരുന്നു. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയായിരുന്നു എന്നുമാണ്  പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.മേലുദ്യോഗസ്ഥന്‍റെ മാനസിക പീഢനത്തെ തുടര്‍ന്ന് നവാസ് അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. 

ഉച്ചക്ക് ശേഷം നവാസ് കൊച്ചിയിലെത്തും. മലമ്പുഴ പൊലീസാണ് നവാസുമായി കൊച്ചിക്ക് തിരിച്ചിട്ടുള്ളത്. മധുരയ്കക്ക് പോകാനിടയായ സാഹചര്യം അറിയാൻ പൊലീസ് നവാസിനെ ചോദ്യം ചെയ്യും. 

Follow Us:
Download App:
  • android
  • ios